കാരക്കുറ്റി സ്കൂളിൽ പ്രധാനാധ്യാപകനെ നിയമിക്കണമെമന്ന്
1571610
Monday, June 30, 2025 5:04 AM IST
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ജിഎൽപി സ്കൂളിൽ പ്രധാനാധ്യാപകനെ നിയമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ വർഷം പുതുതായി ചാർജെടുത്ത പ്രധാനധ്യാപകൻ രണ്ടുദിവസത്തിനു ശേഷം ദീർഘകാല അവധിയെടുത്തിരിക്കുകയാണ്. ഇതോടെ സ്കൂളിന്റെ ദൈനംദിന പ്രവർത്തനം താളം തെറ്റുന്ന സ്ഥിതിയാണുള്ളത്.
62 വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപകൻ ഇല്ലാത്തതിനാൽ ഉച്ചഭക്ഷണ ഫണ്ട് വിനിയോഗം ഉൾപ്പെടെ സാമ്പത്തിക വിനിയോഗത്തിന് പിടിഎ കമ്മിറ്റി ഏറെ പ്രയാസം നേരിടുകയാണ്. നിലവിൽ പിടിഎ കമ്മിറ്റിക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിയിരിക്കുന്നത്.
പ്രധാന അധ്യാപകന് ചാർജുള്ള ക്ലാസ് ജൂൺ രണ്ട് മുതൽ അധ്യാപകൻ ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്നു. ഈ വിഷയങ്ങളെല്ലാം ഉന്നയിച്ച് എഇഒ, ഡിഡിഡി ഓഫീസുകൾ നിരന്തരമായി കയറി ഇറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. സാങ്കേതിക പ്രശ്നങ്ങൾ പറയാതെ എത്രയും പെട്ടെന്ന് പ്രധാനാധ്യാപകനെ നിയമിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും യുഡിഎഫ് മുന്നറിയിപ്പ് നൽകി.
വി. അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എം.എ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി. ഷംലൂലത്ത്, അഹമ്മദ് കുട്ടി പൂളക്കത്തൊടി, അബ്ദുസലാം, സി.വി. അബ്ദുറഹിമാൻ, ബിലാൽ കാരക്കുറ്റി, ആരിഫ് മുല്ലവീട്ടിൽ എന്നിവർ പ്രസംഗിച്ചു