കക്കൂസ് മാലിന്യം ജലസ്രോതസിൽ തള്ളിയ പ്രതികളെ നാട്ടുകാർ പിടികൂടി
1549592
Tuesday, May 13, 2025 6:03 PM IST
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡ് ചിപ്പിലിത്തോട് പ്രദേശത്ത് റോഡ് സൈഡിലും നീർച്ചാലിലുമായി മാലിന്യം തള്ളിയ വാഹനവും ഡ്രൈവറെയും രണ്ടു സഹായികളെയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 12.30ന് അസ്വാഭാവികമായി ടാങ്കർ ലോറി ചിപ്പിലിത്തോട് തുഷാരഗിരി റൂട്ടിൽ കൂടി ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ ഈ വാഹനം തടഞ്ഞുവച്ചു.
പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരിയുടെ നേതൃത്വത്തിൽ മാലിന്യം തള്ളിയ വാഹനവും ഡ്രൈവറെയും സഹായികളായ രണ്ടുപേരെയും പോലീസിന് കൈമാറി. വാഹനം ഓടിച്ചിരുന്ന അബ്ദുൽ നജീബ്, മറ്റു പ്രതികളായ പ്രവീൺ നായർ, മുഹമ്മദ് ജാസിഫ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.