കല്ലേറിൽ കാട്ടുതേനീച്ചക്കൂട് ഇളകി; പെരുവണ്ണാമൂഴിയിൽ തേനീച്ചയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്
1549591
Tuesday, May 13, 2025 6:03 PM IST
പെരുവണ്ണാമൂഴി: കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം വൃഷ്ടി പ്രദേശത്ത് കാട്ടുതേനീച്ച കൂട് ഇളകിയതിനെ തുടർന്ന് നിരവധി പേർക്ക് കുത്തേറ്റു. കുറ്റ്യാടിപ്പുഴക്ക് കുറുകെയുള്ള പെരുവണ്ണാമൂഴി പാലത്തിലാണ് കാട്ടുതേനീച്ചക്കൂടുകൾ ഉണ്ടായിരുന്നത്.
സാമൂഹ്യ ദ്രോഹികളായ രണ്ടുപേർ ഇതിനു കല്ലെറിഞ്ഞു. പറന്നുയുർന്ന ഈച്ചകൾ പരിസരത്തുണ്ടായിരുന്ന ആളുകളെ അക്രമിച്ചു. കല്ലെറിഞ്ഞവരിൽ ഒരാൾക്കും കുത്ത് കിട്ടി. പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മക്കൾക്കും തേനീച്ചകളുടെ ആക്രമണത്തിൽ സാരമായ പരിക്കേറ്റു.
ഷീന തോണക്കര (32) മക്കളായ അന്ന മരിയ (13), അനക്സ മരിയ (8) എന്നിവർ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കാട്ടുതേനീച്ചക്കൂടുകൾ ഇപ്പോഴും പാലത്തിനടിയിലുണ്ട്.
ഇതിൽ കല്ലെറിഞ്ഞവരെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്നും പരിക്കേറ്റവർക്ക് ധനസഹായം അനുവദിക്കണമെന്നും പ്രദേശവാസിയും കോൺഗ്രസ് നേതാവുമായ ജെയിംസ് മാത്യൂ ആവശ്യപ്പെട്ടു.