കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ലാതെ കോഴിക്കോട്
1549586
Tuesday, May 13, 2025 6:03 PM IST
കോഴിക്കോട്: ലഹരി വ്യാപനത്തിന് പിന്നാലെ കോഴിക്കോട് കേന്ദ്രീകരിച്ച് കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും തുടര്‍ക്കഥയാകുന്നു. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ ഏറ്റവും അവസാനത്തെ കണക്ക് പ്രകാരം ജില്ലയില്‍ നാലു കൊലപാതകങ്ങളും 15 കൊലപാതക ശ്രമങ്ങളുമാണ് ഉണ്ടായത്. കൂടാതെ തട്ടിക്കൊണ്ടു പോകല്‍, മോഷണം, വഞ്ചന, ലൈംഗിക അതിക്രമം തുടങ്ങി ഈ വർഷം ഏപ്രില്‍ വരെ ജില്ലയില്‍ 8,549 ക്രൈം കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സിറ്റി പരിധിയെ അപേക്ഷിച്ച് റൂറല്‍ പരിധിയിലാണ് കൊലപാതക ശ്രമങ്ങള്‍ ഉള്‍പ്പെടെ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ണഞ്ചേരി റെയില്‍വെ ട്രാക്കിലൂടെ നടന്ന രണ്ടു പേരെ യാതൊരു പ്രകോപനവുമില്ലാതെ കല്ലായി സ്വദേശി പുതിയാപ്പില്‍ പറമ്പ്വീട്ടില് ഇക്കലാസ് (29) കരിങ്കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ച സംഭവം ഉണ്ടായത്.
റെയില്‍വേ ട്രാക്കിന് സമീപം ഇരിക്കുകയായിരുന്ന പ്രതി പരാതിക്കാരെ തന്റെ അരികിലേയ്ക്ക് വിളിക്കുകയായിരുന്നു. പ്രതിയെ പരിചയമില്ലാത്തതിനാല്‍ അങ്ങോട്ട് പോകാതിരുന്ന പരാതിക്കാരനെയും സുഹൃത്തിനെയും യാതൊരു പ്രകോപനവും കൂടാതെ പ്രതി തടഞ്ഞുവച്ച് കരിങ്കല്ല് കൊണ്ട് അക്രമിക്കുകയായിരുന്നു.
പ്രതിക്കെതിരേ കോഴിക്കോട് ടൗണ്‍, പന്നിയങ്കര, ചെമ്മങ്ങാട്, മാറാട് തുടങ്ങിയ സ്റ്റേഷനുകളിലായി മോഷണത്തിനും മയക്കുമരുന്ന് ഉപയോഗിച്ചതിനും അടിപിടി നടത്തിയതിനും പൊതുസ്ഥലത്ത് മദ്യം ഉപയോഗിച്ചതിനും മറ്റുമായി നിരവധി കേസുകള്‍ നിലവിലുണ്ട്.
കൂടാതെ മാര്‍ച്ചില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് താമരശേരി സ്വദേശി ഷഹബാസ് എന്ന വിദ്യാര്‍ഥി കൊല്ലപ്പെട്ടത്. താമരശേരി ഈങ്ങാപ്പുഴ മേഖലയിലാണ് ലഹരിക്ക് അടിമയായ മകന് ഉമ്മയെ വെട്ടികൊന്നതും ഭര്‍ത്താവ് ഭാര്യയെ കുത്തികൊന്നതും. മെഡിക്കല്‍ കോളജിന് സമീപം ആള്‍കൂട്ട മര്‍ദനത്തിനിടെ യുവാവ് മരിച്ചതും അടുത്ത ദിവസങ്ങളിലാണ്. ഇത്തരത്തില്‍ ജില്ലയ്ക്കുള്ളില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി നടന്ന അക്രമ പരമ്പരകള്‍ ഞെട്ടിക്കുന്നതാണ്.
ഈ വര്‍ഷം മാത്രമല്ല, കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാന വ്യാപകമായി ഉയര്‍ന്ന അക്രമകേസുകളില്‍ ജില്ല മുന്‍പന്തിയിലുണ്ട്. 2024ല്‍ റിപ്പോര്‍ട്ട് ചെയ്തത് 25 കൊലപാതകങ്ങളും 125 കൊലപാതക ശ്രമങ്ങളുമാണ്. 2023ല്‍ 14 കൊലപാതകങ്ങളും 50 കൊലപാതകശ്രമങ്ങളും, 2022ല്‍ 19 കൊലപാതകങ്ങളും 42 കൊലപാതകശ്രമങ്ങളും, 2021ല്‍ 17 കൊലപാതകങ്ങളും 30 കൊലപാതകശ്രമങ്ങളുമാണ് ജില്ലാ ക്രൈം ബ്യൂറോ കണക്ക് അനുസരിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.