കർഷകരെ ദ്രോഹിക്കുന്ന നിയമങ്ങൾ പിൻവലിച്ചത് സമരങ്ങളെ തുടർന്നെന്ന്
1543578
Friday, April 18, 2025 5:09 AM IST
കോഴിക്കോട് : കർഷകരെ ദ്രോഹിക്കുന്ന കരി നിയമങ്ങൾ കേരളാ സർക്കാരിന് പിൻവലിക്കേണ്ടി വന്നത് കേരളാ കോൺഗ്രസും യുഡിഎഫും നടത്തിയ സമരങ്ങളെ തുടർന്ന് കർഷക രോഷംഉയർന്നപ്പോഴാണെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ്.
വനനിയമഭേദഗതി, ജലാശങ്ങളുടെ ബഫർ സോൺ, രാജ പാത പ്രശ്നം എന്നിവയിലൊക്കെ സർക്കാരിന്റെ കർഷക ദ്രോഹ നയമാണ് ഒളിഞ്ഞിരിക്കുന്നത്. മൂന്നാർ രാജ പാത പ്രശ്നത്തിൽ കോതമംഗലം രൂപതയുടെ പിതാവ് ജോർജ് പുന്നക്കോട്ടിലിനെ വരെ കേസിൽ കുടുക്കുവാൻ സർക്കാർ ധൈര്യം കാണിച്ചപ്പോൾ അതിനെതിരെ ഏകദിന ഉപവാസം നടത്തിക്കൊണ്ടാണ് കേരളാ കോൺഗ്രസ് കടന്നു വന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കേരളാ കോൺഗ്രസിന്റെ എല്ലാ ജില്ലാ കമ്മിറ്റികളും സമരമുഖത്തായിരുന്നു. ഇത് കർഷക കേന്ദ്രങ്ങളിൽ ചർച്ചയാവുകയും, സർക്കാർ വിലാസം കേരളാ കോൺഗ്രസ് കർഷക മനസുകളിൽ നിന്നും ഇല്ലാതായി തുടങ്ങുകയും ചെയ്തപ്പോഴാണ് സർക്കാർ കരിനിയമം പിൻ വലിക്കുവാൻ തീരുമാനിച്ചത്.
കേരളാ കോൺഗ്രസ് പാർട്ടിയുടെ ചെയർമാൻ പി.ജെ. ജോസഫ് ,പി.സി. തോമസ്, മോൻസ് ജോസഫ്, ജോയി എബ്രാഹം, ഫ്രാൻസിസ് ജോർജ് എം പി, തോമസ് ഉണ്ണിയാടൻ തുടങ്ങിയ നേതാക്കൾ വിവിധ ജില്ലകളിൽ സമരങ്ങൾക്ക് നേതൃത്വം കൊടുത്തു കൊണ്ട് നടത്തിയ സമര വേലിയേറ്റത്തിന്റെ പരിണിത ഫലമായാണ് സർക്കാരിന് കർഷക ദ്രോഹ കരി നിയമങ്ങൾ പിൻവലിക്കേണ്ടതായി വന്നതെന്നും അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു.