മുസ്ലിംലീഗ് ജനപ്രതിനിധികള്‍ കളക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി
1511961
Friday, February 7, 2025 4:59 AM IST
കോഴിക്കോട്: ജില്ലയിലെ മുസ്ലിംലീഗ് ജനപ്രതിനിധികള്‍ കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. അധികാര വികേന്ദ്രീകരണം ഇല്ലാതാക്കി തദ്ദേശ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരായും മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ച് കൊണ്ട് പ്രസിദ്ധീകരിച്ച വാര്‍ഡ് വിഭജനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ധര്‍ണ.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍ ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് രണ്ടു മാസം മാത്രം അവശേഷിക്കേ, ഡിസംബറില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുവദിക്കേണ്ട ബജറ്റ് വിഹിതത്തിന്റെ അവസാന ഗഡു ഇതുവരെ അനുവദിക്കാത്തത് മൂലം പദ്ധതി പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുകയാണ് ഇതിലൂടെ പിണറായി വിജയന് സര്‍ക്കാര്‍ ചെയ്യുന്നത്. സംസ്ഥാനത്തെ മിക്ക തദ്ദേശസ്ഥാപനങ്ങളിലും ജീവനക്കാരുടെ തസ്തികകള്‍ വര്‍ഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമാണുള്ളത്. സെക്രട്ടറി തസ്തികയില്‍ പോലും ആളില്ലാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്.
ഒരു തദ്ദേശസ്ഥാപനത്തില്‍ തന്നെ നാലും അഞ്ചും തസ്തികകള്‍ വരെ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യവും ഉണ്ട്. ജോലിഭാരം കൂടിയത് മൂലം അധിക തസ്തികകള്‍ സൃഷ്ടിക്കണമെന്ന ആവശ്യം ശക്തമാണ്. ഈ ആവശ്യത്തോട് മുഖം തിരിക്കുന്ന സര്‍ക്കാര്‍, നിലവിലുള്ള തസ്തികകളില്‍ പോലും നിയമനം നടത്താത്തത് തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ തളര്‍ത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് അധ്യക്ഷനായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തി. എല്‍ജിഎംഎല്‍ സംസ്ഥാന പ്രസിഡന്റ് കെ.ഇസ്മായില്‍, ജനറല്‍ സെക്രട്ടറി പി.കെ. ഷറഫുദ്ദീന്, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ഒ.പി. നസീര്‍,
കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അര്‍ഷുല്‍ അഹമ്മദ്, കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ. സഫറി വെള്ളയില്‍, പി.ടി.എം. ഷറഫുന്നിസ, കെ.സി. മുജീബ് റഹ്മാന്,കെ.മൊയ്തീന് കോയ, വി.വി. മുഹമ്മദലി, വെള്ളറ അബ്ദു എന്നിവര്‍ സംസാരിച്ചു.