തുരങ്ക പാതക്കെതിരായ നീക്കത്തിൽ മലയോര ജനത ഒറ്റക്കെട്ട്; ജനകീയ സദസ് 26ന്
1508285
Saturday, January 25, 2025 4:52 AM IST
മുക്കം: മലയോര മേഖലയുടെ സമഗ്ര വികസനത്തിനുതകുന്നതും വയനാട്ടിലെ സാധാരണ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നതുമായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതക്കെതിരായ നീക്കത്തിൽ മലയോര ജനത ഒറ്റക്കെട്ട്. പാതക്കെതിരേ ചില തത്പരകക്ഷികളും കപട പരിസ്ഥിതിവാദികളും ദുഷ്ട്രപചരണങ്ങൾ നടത്തുകയും പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ തുരങ്കപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനകീയ സദസ് സംഘടിപ്പിക്കുമെന്ന് തുരങ്കപാത സംരക്ഷണ സമിതി ഭാരവാഹികൾ മുക്കത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 26ന് വൈകുന്നേരം നാലിന് തിരുവമ്പാടിയിലാണ് ജനകീയ സദസ് സംഘടിപ്പിക്കുക.
കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയുടെ വികസനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിർമാണം ആരംഭിക്കാനിരിക്കെ നാടിനെക്കുറിച്ച് ഒന്നുമറിയാത്ത, ഇവിടുത്തെ ജനങ്ങളുടെ ജീവിത പ്രയാസങ്ങളെക്കുറിച്ച് ലവലേശം പോലും ചിന്തയില്ലാത്തവരാണ് ഇത്തരം പ്രവർത്തനങ്ങളുടെ പിന്നിലെന്നും ഇതിനെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ശക്തമായ ജനകീയ പ്രക്ഷോഭം കൊണ്ട് പരാജയപ്പെടുത്തേണ്ടതുണ്ടെന്നും തുരങ്കപാത സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.
മുക്കത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ ലിന്റോ ജോസഫ് എംഎൽഎ, തുരങ്കപാത സംരക്ഷണ സമിതി കൺവീനർ ജോസ് മാത്യു തുടങ്ങിയവർ സംബന്ധിച്ചു.