തുരങ്കപാത നിർമാണം: മുന്‍ എംഎല്‍എയുടെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് സിപിഎം
1461160
Tuesday, October 15, 2024 1:30 AM IST
താമരശേരി: കൊടുവള്ളി സിറാജ് മേൽപ്പാലം, തുരങ്കപാത എന്നിവ നടപ്പാക്കാത്തതിന് പിന്നിൽ സിപിഎമ്മാണെന്ന മുൻ എംഎൽഎ കാരാട്ട് റസാക്കിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് സിപിഎം താമരശേരി ഏരിയ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് മന്ത്രിസഭ പ്രത്യേക താൽപര്യമെടുത്ത് കൊണ്ടുവന്ന പദ്ധതിക്ക് കിഫ്ബിയിൽ ഉൾപ്പെടുത്തി 54 കോടി രൂപ അനുവദിച്ചു.
പദ്ധതിയുടെ മറ്റ് സാങ്കേതിക നടപടികൾ എല്ലാം പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കലിന് തുടക്കമിടുകയും ചെയ്തു. പദ്ധതി പ്രഖ്യാപിച്ചത് മുതൽ യുഡിഎഫ് നേതൃത്വവും നഗരസഭാ ഭരണനേതൃത്വവും ഏതാനും ചില വ്യക്തികളും ഇതിനെതിരായിരുന്നു.
പിന്നീട് എം.കെ. മുനീർ എംഎൽഎയായതോടെ പദ്ധതിക്കെതിരേ സർക്കാരിൽ കത്ത് നൽകി. കിഫ്ബിയുടെ യോഗം വിളിച്ച്, പദ്ധതി വ്യാപാരികൾക്കെതിരാണെന്ന് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. പദ്ധതി നടപ്പാക്കാതിരിക്കാൻ എംഎൽഎയുടെ നേതൃത്വത്തിൽ നിരന്തരം ഇടപെടലുണ്ടായിട്ടുണ്ടെന്ന് സിപിഎം ആരോപിച്ചു. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം പദ്ധതി ഉപേക്ഷിക്കാൻ എം.കെ മുനീർ എംഎൽഎ നടത്തിയ ഇടപെടൽ നേരത്തെ തന്നെ പുറത്ത് വന്നതാണ്.
പദ്ധതി കൊണ്ടുവരുന്നതിനായി കൃത്യമായ ഇടപെടലാണ് സിപിഎം നടത്തിയത്. പദ്ധതിക്കെതിരേ നിലവിലെ എംഎൽഎ രംഗത്ത് വന്നപ്പോൾ പൊതുജനങ്ങളെ അണിനിരത്തി മനുഷ്യചങ്ങലയടക്കമുള്ള പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കാൻ നേതൃത്വം നൽകിയത് സിപിഎമ്മാണ്. ഇത് മറച്ച് വച്ച് പദ്ധതി നടപ്പാക്കാത്തതിന് പിന്നിൽ സിപിഎമ്മാണെന്ന് ആരോപിക്കുന്നതിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും പ്രസ്താവനയിൽ പറയുന്നു.