കെഎസ്യു, എംഎസ്എഫ് മുന്നണിക്ക് മുന്നേറ്റം
1460413
Friday, October 11, 2024 4:40 AM IST
കോഴിക്കോട്: കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കെഎസ്യു, എംഎസ്എഫ് മുന്നണിക്ക് മുന്നേറ്റം. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ മൂന്നര പതിറ്റാണ്ടിനു ശേഷം കോളേജ് യൂണിയന് ഭരണം കെഎസ്യു തനിച്ചു നേടി. എസ്എഫ്ഐ ആധിപത്യമുണ്ടായിരുന്ന കലാലയത്തില്‍ ഒമ്പതില്‍ ഏഴ് സീറ്റ് കരസ്ഥമാക്കിയാണ് ജയം.
ജില്ലയില്‍ 22 കോളേജുകളില്‍ യുഡിഎസ്എഫ് മുന്നണിയായി യൂണിയന് ഭരണം നേടി. ജില്ലയിലെ അറുപതിലേറെ കലാലയങ്ങളില്‍ മുന്നണിയായും തനിച്ചും നിന്ന് കെഎസ്യുവിനും എംഎസ്എഫിനും യൂണിയന് ഭരണം കരസ്ഥമാക്കാന്‍ സാധിച്ചു. കോഴിക്കോട് ദേവഗിരി കോളജില്‍ കെഎസ്യു ഇത്തവണ ഒമ്പതില്‍ ഒമ്പതിലും വിജയിച്ചു.
നീണ്ട രണ്ട് പതിറ്റാണ്ടിനു ശേഷം കോടഞ്ചേരി ഗവ. കോളജില്‍ കെഎസ്യു-എംഎസ്എഫ് മുന്നണി യൂണിയന് ഭരണം തിരിച്ചുപിടിച്ചു. ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജില്‍ ഉള്‍പ്പെടെ കെഎസ്യു ഒറ്റയ്ക്ക് യൂണിയന് കരസ്ഥമാക്കി.
ചെത്തുകടവ് എസ്എന്‍ഇഎസ് കോളജ്, 10വര്‍ഷത്തിന് ശേഷം പികെ കോളേജ്, കൊടുവള്ളി ഗവ:കോളജ്, കല്ലായി എഡബ്ള്യുഎച്ച്, എംഇഎസ് കള്ളന്തോട്, ഫാറൂഖ് ട്രൈനിങ് കോളജ് തുടങ്ങിയവ എസ്എഫ്ഐയില്‍ നിന്ന് യുഡിഎസ്എഫ് മുന്നണി പിടിച്ചെടുത്തു.
കുന്ദമംഗലം ഗവ:കോളേജ്, കൊടുവള്ളി ഗവ. കോളജ്, നാദാപുരം ഗവ.കോളജ്, സില്‍വര്‍ കോളേജ് പേരാമ്പ്ര, എവിഎഎച്ച് മേപ്പയ്യൂര്‍, ഡിഗ്നിറ്റി കോളേജ്, ഗോള്‍ഡന്‍ ഹില്‍സ് കൊടുവള്ളി, മോകാസ് ചെറുവറ്റ എന്നിവയും യുഡിഎസ്എഫ് വിജയിച്ചു.