സ്മൃതിപഥം എന്ന് പേരിടും : മാവൂര്‍റോഡ് ശ്മശാനം പ്രവര്‍ത്തന സജ്ജമാകുന്നു
1458802
Friday, October 4, 2024 4:33 AM IST
കോഴിക്കോട്:നവീകരണത്തിനായി അടച്ചിട്ട മാവൂര്‍റോഡ് ശ്മശാനം പ്രവര്‍ത്തനസജ്ജമാവുന്നു. മൂന്നാഴ്ചക്കുള്ളില്‍ ഉദ്ഘാടനം നടക്കും. ആധുനിക സംവിധാനങ്ങളൊരുക്കി നവീകരിച്ച വാതകശ്മശാനത്തിന് "സ്മൃതിപഥം' എന്നാണ് നാമകരണംചെയ്യുക.
ശ്മശാനത്തിന്റെപ്രവര്ത്തനങ്ങള് സംബന്ധിച്ച കരട് ബൈലോയ്ക്ക് കോര്പറേഷന് കൗണ്‍സില്‍ അംഗീകാരം നല്കി.നാല് വാതക ചൂള, ഒരു വൈദ്യുതി ചൂള, രണ്ട് പരമ്പരാഗത ചൂള എന്നിവയുള്‍പ്പെടുത്തിയാണ് നവീകരിച്ചത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ പുകയോ ഗന്ധമോ പുറത്തുവരില്ല.
സംസ്കാരശേഷം 60 ദിവസംവരെ ചിതാഭസ്മം സൂക്ഷിക്കുന്നതിനുള്ള ലോക്കറുകള്‍, സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് വഴി സംസ്കാര നടപടി തല്‍സമയം കാണാനുള്ള സൗകര്യം, സംസ്കാര സാധനങ്ങള്‍ കിട്ടുന്ന കിയോസ്ക്, 24 മണിക്കൂറും സെക്യൂരിറ്റി, അനുസ്മരണ ചടങ്ങുകള്‍ക്ക് ഹാള്‍ എന്നിവയാണ് സവിശേഷതകള്‍.
ലോക്കര്‍, ഇരിപ്പിടങ്ങള്‍ എന്നിവ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളാണിപ്പോള്‍ നടക്കുന്നത്. കോര്പറേഷന് പരിധിയിലുള്ളവര്‍ക്കാണ് മുന്‍ഗണനയെങ്കിലും മറ്റിടങ്ങളില്‍നിന്നുള്ള മൃതദേഹങ്ങളും സംസ്കരിക്കും. നിരക്ക് രണ്ടുദിവസത്തിനുള്ളില്‍ നിശ്ചയിക്കും. രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെയാവും പ്രവര്‍ത്തനം.
2020 ഒക്ടോബറിലാണ് എംഎല്‍എ ഫണ്ടും കോര്പറേഷന് ഫണ്ടും ഉപയോഗിച്ച് ശ്മശാനം നവീകരിക്കാന്‍ തീരുമാനിച്ചത്. സംസ്കാരം നടക്കുമ്പോള്‍ പുകയും ഗന്ധവും നഗരപരിസരത്ത് വ്യാപിച്ചിരുന്നു. പിന്നീട് ഇലക്ട്രിക് ശ്മശാനത്തില്‍ മാത്രമായിരുന്നു സംസ്കാരം. ഇത് കേടായതോടെ ഒന്നര വര്‍ഷമായി സംസ്കാരം നടക്കുന്നില്ല. അടുത്ത ഘട്ടത്തില്‍ മാങ്കാവ്, മാനാരി, വെസ്റ്റ്ഹില്‍ ശ്മശാനങ്ങളും ആധുനിക സംവിധാനങ്ങളോടെ നവീകരിക്കും.