വാഴകളിൽ ഇലതീനി പുഴുശല്യം രൂക്ഷമായി
1458575
Thursday, October 3, 2024 3:47 AM IST
കൊയിലാണ്ടി: നാട്ടിൻപുറങ്ങളിലെ വാഴകളിൽ പുഴുശല്യം രൂക്ഷമാകുന്നത് കർഷകരിൽ ആശങ്ക പടർത്തുന്നു. കൊയിലാണ്ടി മേഖലയിൽ പന്തലായനി, വിയ്യൂർ, പുളിയഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ വാഴത്തോട്ടങ്ങളിലാണ് ഇലതീനി പുഴുക്കളുടെ ആക്രമണം.
വാഴയുടെ ഇലകളാണ് ഇവ പ്രധാനമായും ഭക്ഷണമാക്കുന്നത്. നേന്ത്രവാഴ, ഏത്തവാഴ, നാടൻ, പൂവൻ, കദളി, മൈസൂർ തുടങ്ങിയ ഇനങ്ങളിൽപെട്ട വാഴകളുടെ കൂന്പിലകളിലാണ് തുടക്കത്തിൽ പുഴുക്കളുടെ ആക്രമണം. ക്രമേണ മറ്റു ഇലകളിലേക്ക് വ്യാപിച്ച് അവയുടെ പച്ച നിറം നഷ്ടപ്പെട്ട് വെളുത്ത ടിഷ്യു പേപ്പർ പോലെ രൂപമാറ്റം സംഭവിക്കുന്നു.
ദിവസങ്ങൾക്കുള്ളിൽ വാഴത്തടിയിലും ഇവ ചെറിയ സുഷിരങ്ങളുണ്ടാക്കി കാന്പിൽ പ്രവേശിക്കുന്നതോടെ വാഴകൾ തണ്ടൊടിഞ്ഞു നിലം പതിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ കുലച്ച വാഴകളും നശിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ഇലതീനിപ്പുഴുക്കളുടെ വ്യാപനത്തിന് കാരണമായി പറയപ്പെടുന്നത്.