പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാളിന് കൊടിയേറി
1457774
Monday, September 30, 2024 5:12 AM IST
കോടഞ്ചേരി: പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പിനാലും വിശുദ്ധ ദൈവമാതാവിന്റെ സൂനോറായാലും അനുഗ്രഹീതമായ തീർഥാടന കേന്ദ്രമായ വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ ബാവയുടെ 339-ാമത് ഓർമ പ്പെരുന്നാളിന് കൊടി ഉയർത്തി. ഇടവക വികാരി ഫാ. ഷിജോ താന്നിയംകട്ടയിലാണ് കൊടിയേറ്റ് നിർവഹിച്ചത്.
29ന് തുടങ്ങി ഒക്ടോബർ മൂന്ന് വരെയാണ് പെരുന്നാൾ ദിനങ്ങൾ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചെറിയ പള്ളിയിലും ബുധൻ , വ്യാഴം ദിവസങ്ങളിൽ വലിയ പള്ളിയിലുമാണ് പെരുന്നാൾ ശുശ്രൂഷകൾ നടത്തുന്നത്. ഇന്ന് വൈകുന്നേരം 6. 30ന് സന്ധ്യാ പ്രാർത്ഥനയും ഫാ. വർഗീസ് കക്കാട്ടിലിന്റെ വചന സന്ദേശവും ,
ചൊവ്വാഴ്ച രാവിലെ ഏഴിന് പ്രഭാത പ്രാർഥനയും എട്ടിന് ഫാ. വർഗീസ് കക്കാട്ടിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് പ്രസംഗം, ആശിർവാദം, നേർച്ച എന്നിവ ചെറിയ പള്ളിയിൽ നടത്തപ്പെടുന്നതാണ്.
ബുധൻ, വ്യാഴം ദിവസങ്ങളിൽ വലിയ പള്ളിയിലെ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത് പെരുമ്പാവൂർ മേഖലയിലെ അഭിവന്ദ്യ മാത്യൂസ് മാർ അഫ്രേം മെത്രാപ്പോലീത്തയാണ്. മൂന്നിന് കൊടിയിറക്കുന്നതോടെ പെരുന്നാൾ ശുശ്രൂഷകൾക്ക് സമാപനമാകും.