കൊടിയത്തൂരിൽ ഓണക്കിറ്റ് വിതരണം ചെയ്തു
1453242
Saturday, September 14, 2024 4:43 AM IST
കൊടിയത്തൂർ: പഞ്ചായത്തുകളിലെ അതിദരിദ്ര - ആശ്രയ പട്ടികയിൽ ഉൾപ്പെട്ട എല്ലാ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്യണമെന്ന സർക്കാർ നിർദ്ദേശത്തിന് മുമ്പ് തന്നെ പദ്ധതി നടപ്പാക്കി കൊടിയത്തൂർ പഞ്ചായത്ത്.
2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര ലക്ഷം രൂപ വകയിരുത്തിയാണ് അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ടവരും അഗതി ലിസ്റ്റിൽ ഉൾപ്പെട്ടവരുമായ 151 കുടുംബങ്ങൾക്ക് 900 രൂപയുടെ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്.
പഞ്ചസാര, ചായ, പരിപ്പ്, ചെറുപയർ, വെളിച്ചെണ്ണ, വൻപയർ, ശർക്കര പായസം മിക്സ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളടങ്ങിയ കിറ്റുകൾ അതത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ അതിദരിദ്ര കുടുംബങ്ങളുടെ വീടുകളിലെത്തിച്ചു. പഞ്ചായത്ത് ഓഫീസിൽ നടന്ന വിതരണോദ്ഘാടനം പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസൻ, പഞ്ചായത്തംഗങ്ങളായ ടി.കെ. അബൂബക്കർ, യു.പി. മമ്മദ്, ഫാത്തിമ നാസർ, അസി. സെക്രട്ടറി അബ്ദുൾ ഗഫൂർ പ്രസംഗിച്ചു.