മണാശേരി എംഎഎംഒ കോളജിൽ സംഘർഷം; 15 വിദ്യാർഥികൾക്ക് പരിക്ക്
1452702
Thursday, September 12, 2024 4:30 AM IST
മുക്കം: മണാശേരി എംഎഎംഒ കോളജിൽ വിദ്യാർഥി സംഘർഷം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഘർഷം ഉണ്ടായത്. വിദ്യാർഥികൾ മണാശേരി- ചേന്നമംഗലൂർ റോഡിന് ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത് പല സമയങ്ങളിലും ഗതാഗത കുരുക്കിന് കാരണമായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നാട്ടുകാരുമായി വാക്ക് തർക്കവും പതിവാണ്. ഇന്ന് കോളജിൽ ഓണാഘോഷം നടത്താൻ വിദ്യാർഥികൾ തീരുമാനിച്ചെങ്കിലും കോളജ് അധികൃതർ അനുമതി നൽകിയില്ല. ഇതോടെ വിദ്യാർഥികൾ മുദ്രാവാക്യം വിളികളുമായി സമര രംഗത്ത് ഇറങ്ങുകയായിരുന്നു.
വിദ്യാർഥികൾ കോളജ് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരെ മുറിയിൽ പൂട്ടിയിട്ടതായും കോളജിന്റെ പ്രധാന ഗേറ്റടച്ച് പുറത്തേക്കുള്ള യാത്ര തടസപ്പെടുത്തിയതായും ആരോപണമുണ്ട്.
കൂടുതൽ വിദ്യാർഥികൾ സമരവുമായി മുന്നിട്ടിറങ്ങിയതോടെ കോളജ് അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇതോടെ സ്ഥലത്തെത്തിയ മുക്കം പോലീസിനെയും ഗോബാക്ക് വിളികളുമായെത്തിയ വിദ്യാർഥികൾ ക്യാന്പസിനകത്ത് പൂട്ടിയിട്ടു. ഇതോടെ വിദ്യാർഥികളും പോലീസുമായി വാക്കുതർക്കമുണ്ടാവുകയും ഇത് സംഘർഷത്തിലേക്ക് പോവുകയുമായിരുന്നു. തുടർന്ന് പോലീസ് ലാത്തിവീശി.
പെൺകുട്ടികൾ അടക്കമുള്ളവരെ വനിത പോലീസ് ഇല്ലാതെയാണ് ലാത്തി ചാർജ് നടത്തിയത്. 15 വിദ്യാർഥികൾക്ക് പരിക്കേറ്റു.