ജില്ലയിലെ 22 സ്കൂളുകളിൽ കൂടി സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ
1452444
Wednesday, September 11, 2024 5:01 AM IST
അഞ്ചു കോടി അനുവദിച്ചു
കോഴിക്കോട്: ജില്ലയിലെ 22 സ്കൂളുകളിൽ കൂടി സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ തുടങ്ങുന്നു. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി എന്നിവയിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഔട്ട് ഓഫ് സ്കൂൾ വിദ്യാർഥികൾ,
സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ തുടങ്ങി 18 മുതൽ 23 വയസ് വരെ പ്രായമുള്ളവർക്ക് അവരുടെ അഭിരുചിക്കും തൊഴിൽസാധ്യതയ്ക്കും അനുഗുണമായ വൈദഗ്ധ്യം നൽകുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ്,
സമഗ്ര ശിക്ഷാ കേരള വഴി സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ.
കോഴിക്കോട് ജില്ലയിൽ 15 ബ്ലോക്കുകളിലായി 23 സ്കിൽ ഡെവലപ്മെന്റ് സെന്ററുകളാണ് അനുവദിച്ചിട്ടുള്ളത്. ജിവിഎച്ച്എസ്എസ് ബാലുശേരിയിലെ സ്കിൽ ഡെവലപ്മെന്റ് സെന്റർ പൈലറ്റ് പ്രോജക്ടായി കഴിഞ്ഞവർഷം മുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ബാക്കി വരുന്ന 22 സ്കിൽ ഡെവലപ്മെന്റ് സെന്ററുകളുടെയും പ്രവർത്തനം ഒക്ടോബർ രണ്ട് മുതൽ ആരംഭിക്കും. ആദിവാസികൾ, ഭിന്നശേഷിക്കാർ, സാമൂഹികമായും സാന്പത്തികമായും പിന്നാക്കമുള്ളവർ തുടങ്ങിയവർക്ക് പ്രവേശനത്തിൽ സംവരണം ഉറപ്പാക്കിയിട്ടുണ്ട്.
25 കുട്ടികൾ വീതമുള്ള രണ്ട് ബാച്ചുകളാണ് ഒരു സ്കൂളിൽ ഉണ്ടാവുക. ഒഴിവ് ദിവസങ്ങളിലും സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിലുമാണ് കോഴ്സിന്റെ നടത്തിപ്പ്. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സ് പ്രായോഗിക പരിശീലനമുൾപ്പെടെ 440 മണിക്കൂറായിരിക്കും. കോഴ്സും പരിശീലനവും തികച്ചും സൗജന്യം.
ഒരു സെന്ററിന് 21,50,000 രൂപ വീതം 4,94,50,000 രൂപ 23 സ്കൂളുകൾക്ക് അനുവദിച്ചു കഴിഞ്ഞതായി ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ. എ. കെ. അബ്ദുൾഹക്കീം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി ജില്ലാതല സ്കിൽ ഡെവലപ്മെന്റ് കമ്മിറ്റി യോഗം ചേർന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. സബ് കളക്ടർ ഹർഷിൽ ആർ. മീണ, നിഷ പുത്തൻപുരയിൽ, ഏലിയാമ്മ നൈനാൻ തുടങ്ങിയവർ പങ്കെടുത്തു.