അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുതിക്കുന്നു; ഓണം പൊള്ളും
1451314
Saturday, September 7, 2024 4:20 AM IST
കോഴിക്കോട്: പൊതുവിപണിയില്‍ അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുതിക്കുന്നു. ഓണം അടുത്തെത്തിയതോടെയാണ് എല്ലാ ഇനം ഭക്ഷ്യസാധനങ്ങള്‍ക്കും വില ഉയര്‍ന്നത്. അരിക്ക് നാലുരൂപവരെ കൂടിയിട്ടുണ്ട്. പലവ്യഞ്ജനങ്ങള്‍ക്ക് കിലോക്ക് 40 രൂപവരെയാണ് ഉയര്‍ന്നത്.
മട്ട, കുറുവ, ബോധന തുടങ്ങിയ എല്ലായിനം അരിക്കും വിലയില്‍ വര്‍ധനവുണ്ടായി. കുറുവ അരിക്ക് കിലോക്ക് 55 രൂപ വരെ എത്തി. ജില്ലയിലെ മൊത്ത വില്പന കേന്ദ്രങ്ങളില്‍ കിലോയ്ക്ക് 140 രൂപയായിരുന്ന തുവരപരിപ്പ് 160-175 രൂപയാണിപ്പോള്‍. 78-80 രൂപയായിരുന്ന വന്‍പയറിനിപ്പോള്‍ 100 രൂപ മുതലാണ് വില തുടങ്ങുന്നത്.
ചില്ലറ വില്‍പ്പന 110 നുമുകളിലെത്തും. മഞ്ഞള്‍ കിലോ 200 രൂപയാണ്. 160 രൂപയായിരുന്നു ഒരു മാസം മുമ്പ് വരെ. 140 രൂപയായിരുന്ന ഗ്രാന്പീസിന് 175 ആയി ഉയര്‍ന്നു. ചെറുപയര്‍ 90 മുതല്‍ 100 വരെയെത്തി. ചില്ലറ വില്പനയില് 110 ന് മുകളിലാണ്. നേരത്ത 95 രൂപയുണ്ടായിരുന്ന വന്‍പയര്‍ ഇപ്പോള്‍ 110 നാണ് വില്പന.
മുളകിന് മാത്രമാണ് വില അല്‍പ്പം കുറവുള്ളത്. 220-220 രൂപയുണ്ടായിരുന്ന മുളക് വില 175 രൂപയായി കുറഞ്ഞു. 130 രൂപയുണ്ടായിരുന്ന ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 170 രൂപയായി. 200 രൂപയായിരുന്ന വെളുത്തുള്ളിയും ആഴ്ചകളുടെ വ്യത്യാസത്തില്‍ 300-320 രൂപയിലെത്തി.
അതേസമയം സിവില്‍ സപ്ലൈസിന്റെ ഓണച്ചന്തയില്‍ പല സാധനങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്. സബ്സിഡി ഇനങ്ങള്‍ക്കാണ് വില കൂടിയത്. കുറുവ അരിക്ക് കിലോക്ക് 30 രൂപയായിരുന്നത് 33 ആയി. തുവരപരിപ്പിന് നാലു രൂപ കൂടി. പഞ്ചസാരയ്ക്ക് 27ല്‍ നിന്ന് 33 രൂപയായി. സബ്സിഡിയില്‍ ലഭിക്കുന്ന 13 ഇനങ്ങള്‍ക്കാണ് വില കൂടിയത്. ഓണം അടുക്കുന്നതോടെ വില ഇനിയും കൂടുമോ എന്നാണ് ജനങ്ങളുടെ ആശങ്ക.