ഗണേശോത്സവം ഏഴു മുതല്‍ 11 വരെ
1451039
Friday, September 6, 2024 4:46 AM IST
കോഴിക്കോട്: ഗണേശോത്സവ ട്രസ്റ്റിന്റെയും ശിവസേനയുടെയും സംയുക്താഭിമുഖ്യത്തിലുള്ള ഗണേശോത്സവം ഏഴുമുതല്‍ 11 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രധാന ചടങ്ങായ വിഗ്രഹ നിമഞ്ജന ഘോഷയാത്ര 11ന് നടക്കും. വൈകീട്ട് 4 മണിക്ക് തളിക്ഷേത്ര പരിസരത്തു നിന്നാരംഭിച്ച് സാമൂതിരി സ്കൂള്‍ മൈതാനം റോഡ് വഴി ചിന്താവളപ്പ് ജംഗ്ഷന്, സ്റ്റേഡിയം ജംഗ്ഷന്, പാവമണി റോഡ് വഴി കിഡ്സണ്‍ കോര്‍ണര്‍ വഴി മാനാഞ്ചിറ ചുറ്റി സിഎച്ച് ഓവര്‍ബ്രിഡ്ജ് വഴി ബീച്ച് റോഡില്‍ പ്രവേശിച്ച് തൊടിയില്‍ ശ്രീ ഭഗവതി ക്ഷേത്ര മുന്‍വശം സമാപിക്കും.തുടര്‍ന്ന് ഗണേശ വിഗ്രഹങ്ങള്‍ തൊടിയില്‍ ശ്രീ ഭഗവതി ക്ഷേത്ര മുന്‍വശത്തെ ആറാട്ടുകടവില്‍ (കടലില്‍) നിമഞ്ജനം ചെയ്യും.
ഇതോടനുബന്ധിച്ച് നേത്രോന്മീലനം ശനിയാഴ്ച രാവിലെ 7 മണിക്ക് അമൃതാനന്ദമയീമഠം മഠാധിപതി സ്വാമി വിവേകാമ്യതാനന്ദപുരി നിര്‍വഹിക്കും. സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ വിവിധ കലാപരിപാടികള്‍ തളിക്കുളത്തിന് സമീപമുള്ള ഓപ്പണ്‍ സ്റ്റേജില്‍ അരങ്ങേറും.
11ന് വൈകുന്നേരം 4 മണിക്ക് ഘോഷയാത്ര പി.കെ. കൃഷ്ണനുണ്ണിരാജ ഉദ്ഘാടനം ചെയ്യും. ചെയര്മാന് പത്മകുമാര്‍ മൂഴിക്കല്‍, കണ്‍വീനര്‍ ഉണ്ണികൃഷ്ണ മേനോന്, ഷാജി കെ. പണിക്കര്‍, പ്രസന്നകുമാര്‍, രാജേഷ്കുമാര്‍ ശാസ്ത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.