വിലങ്ങാട്ടെ ദുരിതാശ്വാസ ക്യാന്പുകളിൽ വിശ്രമമില്ലാതെ ഹരിത കർമസേന
1444230
Monday, August 12, 2024 4:29 AM IST
നാദാപുരം: ഉരുൾപൊട്ടലുണ്ടായ വിലങ്ങാട്ടെ ദുരിതാശ്വാസ ക്യാന്പുകളിൽ വിശ്രമമില്ലാതെ ഹരിതകർമ സേന. ജൂലൈ 30ന് പുലർച്ചെ വിലങ്ങാട് മലയോരത്ത് നിരവധി ഇടങ്ങളിൽ ഉരുൾപൊട്ടലുണ്ടായതിനെത്തുടർന്ന് നിരവധി വീടുകൾ തകരുകയും വാസയോഗ്യമല്ലാതായി തീരുകയും ചെയ്തിരുന്നു.
ഉരുൾപൊട്ടൽ ഭീഷണിയുള്ള വീട്ടുകാരടക്കം 800 ലധികം പേരാണ് അഞ്ചിടങ്ങളിലായി ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. ഒരാഴ്ച്ചയായി വിവിധ ക്യാന്പുകളിൽ വാണിമേൽ പഞ്ചായത്തിലെ ഹരിതകർമസേന വിശ്രമില്ലാതെ ജോലിയിലാണ്.
വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്യാന്പ് ഇന്നുമുതൽ സ്കൂൾ തുറന്നുപ്രവർത്തിക്കേണ്ടതിനാൽ പാരിഷ് ഹാളിലേക്കു മാറ്റിയിട്ടുണ്ട്. വിദ്യാർഥികൾ സ്കൂളിലെത്തുന്നതിനുമുന്പു സ്കൂൾ ശുചീകരിക്കുന്നതിന് ഹരിതകർമ സേനാംഗങ്ങൾ കഠിനാധ്വാനമാണ് നടത്തിയത്.
ക്യാന്പുകളിൽ പകർച്ചവ്യാധികൾ പടരാതിരിക്കാൻ മാലിന്യങ്ങൾ അതതു സമയം തന്നെ മാറ്റി ശുചീകരണ പ്രവർത്തി നടത്തുന്നതിന് ആരോഗ്യ വകുപ്പ് അധികൃതരോടൊപ്പം ചേർന്നു വിശ്രമമില്ലാതെയാണ് ഇവർ ജോലി ചെയ്യുന്നത്.
എന്നാൽ വാണിമേൽ പഞ്ചായത്തിൽ എംആർഎഫ് കേന്ദ്രമില്ലാത്തത് ശേഖരിക്കുന്ന ജൈവ, അജൈവ മാലിന്യങ്ങൾ പലപ്പോഴും റോഡരികിൽ സൂക്ഷിക്കേണ്ട അവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന് ഹരിതകർമ സേനാംഗങ്ങൾ പറഞ്ഞു.