പരിസ്ഥിതി ലോല കരട് വിജ്ഞാപനത്തിൽ കർഷകരുടെ ആശങ്ക ദുരീകരിക്കണം: കിഫ
1441860
Sunday, August 4, 2024 5:24 AM IST
കോഴിക്കോട്: പശ്ചിമഘട്ടത്തിലെ 56825.7 ചതുരശ്ര മീറ്റർ പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ 2024 ജൂലൈ 31 ന് പുറത്തിറക്കിയ അഞ്ചാമത്തെ കരട് വിജ്ഞാപനത്തിൽ കർഷകരുടെ ആശങ്ക പരിഹരിക്കണമെന്ന് കിഫ കോഴിക്കോട് ജില്ല കമ്മിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തിലെ 131 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോ മീറ്റർ പരിസ്ഥിതി ലോല മേഖലയായി ഈ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മേഖലകളിലെ പഞ്ചായത്തുകൾ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കിയുള്ള ഷേപ്പ് ഫയലുകൾ മാസങ്ങൾക്ക് മുൻപ് തയാറാക്കി ജില്ല അടിസ്ഥാനത്തിൽ ക്രോഡീകരിച്ച് സംസ്ഥാന കാലാവസ്ഥ വ്യതിയാന വകുപ്പിന് സമർപ്പിച്ചിരുന്നു.
ന്നാൽ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ലഭ്യമായ മാപ്പുകൾ മുൻപ് പഞ്ചായത്തുകൾ സമർപ്പിച്ച മാപ്പുകൾ തന്നെയാണോ എന്നും ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പില്ല. ഈ അവ്യക്തത ഒഴിവാക്കാനും ജില്ലയിലെ പതിനായിരക്കണക്കിന് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് ഈ മാപ്പുകളുടെ കെഎംഎൽ ഫയലുകൾ പുറത്തുവിടണം.
ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉൾപ്പെട്ടിട്ടില്ലെന്ന് വിദഗ്ധ പരിശോധന നടത്തണമെന്നും ജനപ്രതിനിധികൾ അതിന് മുൻകൈ എടുക്കണമെന്നും ജില്ല കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.