കാർ മരത്തിലിടിച്ച് തകർന്നു: മൂന്ന് പേർക്ക് പരിക്ക്
1436766
Wednesday, July 17, 2024 7:41 AM IST
നാദാപുരം: റോഡിലെ വെള്ളക്കെട്ടിൽ വീണ് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് തകർന്നു. മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളൂർ കോട്ടേമ്പ്രം സ്വദേശികളായ സന്ദീപ് (19), ശ്രീദേവ് (19), കുന്നത്ത് പറമ്പത്ത് ശ്രീഹരി (19) എന്നിവർക്കാണ് പരിക്കേറ്റത്. തൂണേരി ബ്ലോക്ക് ഓഫീസ് സമീപം സംസ്ഥാനപാതയിൽ ദിവസങ്ങളായി കെട്ടിനിൽക്കുന്ന വെള്ളത്തിലിറങ്ങിയ കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് തകരുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.
നാദാപുരം ഭാഗത്ത് നിന്നു തൂണേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ പൂർണമായും തകർന്നു. ഓടിയെത്തിയ നാട്ടുകാർ മൂന്ന് പേരെയും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തലയ്ക്ക് ഗുരുതര പരിക്കേറ്റ ശ്രീഹരിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിരവധി വാഹനങ്ങൾ ഇതേ സ്ഥലത്ത് സമാന രീതിയിൽ അപകടത്തിൽ പെട്ടിരുന്നു. റോഡരികിൽ കൂട്ടിയിട്ട ഇലക്ട്രിക്ക് പോസ്റ്റുകൾ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിന് ഇടയാക്കുന്നതായി നാട്ടുകാർ ആരോപിച്ചു.