കൊയിലാണ്ടി- പാലക്കാട് കെഎസ്ആര്‍ടിസി സര്‍വീസ് "ബ്ലോക്കില്‍'
1430607
Friday, June 21, 2024 5:32 AM IST
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിന്നും കെഎസ്ആർടിസി ആരംഭിക്കാനിരുന്ന പുതിയ സർവീസ് "ബ്ലോക്കിലായി'.
കൊയിലാണ്ടിയിൽ നിന്നും പാലക്കാട്ടേക്കായിരുന്നു പുതിയ സർവീസ് നടത്താൻ തീരുമാനിച്ചിരുന്നത്. ഇപ്പോൾ താമരശേരിയില്‍ നിന്നും പാലക്കാട്ടെക്ക് സർവീസ്നടത്തിയിരുന്ന ബസ് കൊയിലാണ്ടിയിൽ നിന്നും ആരംഭിക്കാനായിരുന്നു അധികൃതർ തീരുമാനിച്ചിരുന്നത്. ബസ് പുറപ്പെടുന്ന സമയവും തിരിച്ചെത്തുന്ന സമയവും കെഎസ്ആർടിസി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം സര്‍വീസ് തുടങ്ങുമെന്നായിരുന്നു അറിയിപ്പുണ്ടായിരുന്നത്. പിന്നീട് ഇതേപ്പറ്റി യാതൊരു അറിയിപ്പും ഉണ്ടായില്ല. സ്വകാര്യബസുടമകളുടെ സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്നാണ് സൂചന.
മാത്രമല്ല കൊയിലാണ്ടി-താമരശേരി റൂട്ടിൽ ആറ് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഇപ്പോള്‍ ഇതും മുടങ്ങിയിരിക്കുകയാണ്. കെഎസ്ആർടിക്ക് മികച്ച കളക്ഷൻ നേടി കൊടുത്തിരുന്ന സർവീസുകളായിരുന്നു ഇത്.
കൊയിലാണ്ടിയിൽ നിന്നു പെരിന്തല്‍മണ്ണയിലേക്കു ടൗൺ ടു ടൗൺ സർവീസ് ആരംഭിച്ചിരുന്നെങ്കിലും പിന്നീട് ഈ ബസുകളും സർവീസ് നിലയ്ക്കുകയായിരുന്നു.