ഇരുവഴിഞ്ഞി ടൂറിസം പദ്ധതിക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു
1430386
Thursday, June 20, 2024 5:22 AM IST
മുക്കം: മലയോര മേഖലയുടെ ടൂറിസം വികസന പ്രതീക്ഷകൾക്ക് പുതിയ വെളിച്ചം നൽകുന്ന ഇരുവഴിഞ്ഞി ടൂറിസം പദ്ധതിക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു. മുക്കം പാലം, മുക്കം കടവ് പാലം, തൃക്കുട മണ്ണശിവക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ച് ടൂറിസം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കാരശേരി പഞ്ചായത്തംഗം കെ. ശിവദാസൻ നവകേരള സദസിൽ നൽകിയ അപേക്ഷയ്ക്ക് കോഴിക്കോട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി നൽകിയ മറുപടിയാണ് വീണ്ടും പ്രതീക്ഷ നൽകുന്നത്.
സ്ഥലലഭ്യത ഉറപ്പു വരുത്തി ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് തുടർ നടപടികൾക്കായി മുക്കം നഗരസഭയ്ക്ക് കൈമാറിയതായാണ് ഡിടിപിസി സെക്രട്ടറി അറിയിച്ചത്. ഇതോടെ പദ്ധതി യാഥാർഥ്യമാവുമെന്ന പ്രതീക്ഷയിലാണെന്ന് കെ. ശിവദാസൻ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു തദ്ദേശ സ്ഥാപന പരിധിയിൽ ഒരു ടൂറിസം കേന്ദ്രമെങ്കിലും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിനോദ സഞ്ചാര സാധ്യതകളുള്ള സ്ഥലങ്ങളെ ടൂറിസം ഡെസ്റ്റിനേഷനുകളായി മാറ്റുന്നതിനായാണ് സർക്കാർ ഡെസ്റ്റിനേഷൻ ചലഞ്ച് നടപ്പാക്കിയത്.
പദ്ധതിക്കാവശ്യമായ തുകയും 60 ശതമാനം (50 ലക്ഷം രൂപ വരെ) ടൂറിസം വകുപ്പും 40 ശതമാനം അതത് തദ്ദേശ സ്ഥാപനങ്ങളുമാണ് വഹിക്കേണ്ടത്. മുക്കം നഗരസഭയ്ക്ക് നേരത്തെ തന്നെ ഈ പദ്ധതിയിൽ താത്പര്യമുള്ളതിനാൽ തുടർ പ്രവർത്തനങ്ങൾ വേഗത്തിലായേക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിനൊപ്പം എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടും ഉപയോഗിക്കാനാകുമെന്നതും ഗുണകരമാണ്.
ഇരുവഴിഞ്ഞി പുഴയുടെ മുക്കം ഭാഗത്ത് ടൂറിസം കേന്ദ്രത്തിന്റെ സാധ്യതകൾ അധികൃതർ നേരത്തെ പരിശോധിച്ചിരുന്നങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. പ്രസിദ്ധമായ തൃക്കുടമണ്ണ ക്ഷേത്രം മുതൽ മുക്കം പാലം വരെ പുഴയോരത്ത് കരിങ്കൽ ഭിത്തി കെട്ടി ടൂറിസം കേന്ദ്രം നിർമിക്കാനായിരുന്നു ആലോചന.
മുക്കാൽ കിലോമീറ്ററോളം ദൂരം കരിങ്കൽ ഭിത്തി കെട്ടുന്നതിനായി കോടിക്കണക്കിന് രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു സംബന്ധിച്ച് ജലസേചന വകുപ്പ് പ്രപ്പോസൽ തയാറാക്കി ഒരു വർഷം മുമ്പ് തന്നെ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ഈ പ്രദേശത്ത് വ്യാപകമായി തീരം ഇടിഞ്ഞിരുന്നു. ഒട്ടേറെ സ്വകാര്യ വ്യക്തികളുടെ ഭൂമിയും കൃഷിയും പുഴ കവർന്നിരുന്നു. ഈ പ്രദേശത്ത് പുഴയോട് ചേർന്ന് ഒട്ടേറെ സ്ഥലം സർക്കാരിന്റെ കൈവശമുണ്ടെന്നാണ് വിലയിരുത്തൽ. ഈ ഭാഗത്ത് കരിങ്കൽ ഭിത്തി തയാറാക്കി ആ ഭൂമിയിൽ വിനോദ സഞ്ചാര കേന്ദ്രം നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.
മുക്കാൽ കിലോമീറ്ററോളം ദൂരത്ത് നടപ്പാതയും ഇരിപ്പിടങ്ങളും വിശ്രമ കേന്ദ്രവും പൂന്തോട്ടവും നിർമിച്ച് വിനോദസഞ്ചാരികളെയും യാത്രക്കാരെയും ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. സർക്കാരിന്റെ നേതൃത്വത്തിൽ തന്നെ പ്രദേശത്ത് വ്യാപാര സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിലൂടെ ഒട്ടേറെ പേർക്ക് തൊഴിൽ ലഭ്യമാക്കാനും സാധിക്കും.
സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സ്പോൺസർഷിപ്പായും പദ്ധതി നടപ്പാക്കാൻ ആലോചനയുണ്ട്. പദ്ധതി യാഥാർഥ്യമായാൽ മലയോര മേഖലയുടെ ചിരകാല സ്വപ്നമായ തീർഥാടന ടൂറിസത്തിനും വഴിയൊരുങ്ങും. മാമ്പറ്റ വട്ടോളി ദേവീക്ഷേത്രം, തൃക്കുടമണ്ണ ക്ഷേത്രം, തൃക്കളിയൂർ ക്ഷേത്രം എന്നിവയെ യോജിപ്പിച്ച് തീർഥാടന ടൂറിസം യാഥാർഥ്യമാക്കുമെന്ന് ഇടതു മുന്നണിയുടെ പ്രകടന പത്രികയിലുണ്ട്.
കോടികൾ ചെലവഴിച്ച് വട്ടോളിപ്പറമ്പ് ക്ഷേത്രത്തിലേക്കുള്ള റോഡും ഈ മൂന്ന് ക്ഷേത്രങ്ങളെയും ബന്ധിപ്പിക്കുന്ന എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയും നവീകരിച്ച് കഴിഞ്ഞു. പുഴയോരത്ത് കരിങ്കൽ ഭിത്തി നിർമിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയാൽ തീർഥാടന ടൂറിസത്തിന്റെ സാധ്യതകളും വർധിക്കും.