കൂരാച്ചുണ്ടിലെ ഡെങ്കിപ്പനി: പ്രദേശത്ത് പ്രതിരോധ പ്രവർത്തനം ഊർജിതം
1430201
Wednesday, June 19, 2024 7:02 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് 13-ാം വാർഡിൽ അഞ്ച് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയുടെ അധ്യക്ഷതയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് ആറ് ടീമുകളായി ഉറവിട നശീകരണ പ്രവർത്തനങ്ങൾ, ഇൻഡോർ സ്പ്രേയിംഗ് എന്നിവ നടത്തി. 22 മുതൽ നടക്കുന്ന എല്ലാ ഗ്രാമസഭകളിലും ഹോമിയോ പ്രതിരോധ ഗുളികകൾ വിതരണം ചെയ്യും. കൂടാതെ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തിക്കൊണ്ട് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും ഡെങ്കി ബാധിത പ്രദശത്ത് ഫോഗിംഗ് നടത്തുന്നതിനും തീരുമാനമായി.
മെഡിക്കൽ ഓഫീസർ ഡോ. അസ്ലം ഫാറൂഖ്, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. അനു സി. മാത്യു, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ബിനീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഒ.കെ. അമ്മദ്, ഡാർലി ഏബ്രഹാം, സിമിലി ബിജു, ഹെൽത്ത് ഇൻസ്പെക്ടർ എ.സി. അരവിന്ദൻ, ജെഎച്ച്ഐ ജോൺസൺ ജോസഫ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുള്ളതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.