വടകര-മാഹി കനാല്‍; 2025 ൽ പ്രവൃത്തി പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി
1429432
Saturday, June 15, 2024 5:26 AM IST
വടകര: 2025 അവസാനത്തോടെ വടകര-മാഹി കനാല്‍ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിന്റെ ഭാഗമായി കനാലിന്റെ റീച്ച് രണ്ടിലെ പ്രവൃത്തി പൂര്‍ത്തിയായതായും റീച്ച് നാലിലെ പ്രവൃത്തി 90 ശതമാനം പിന്നിട്ടതായും റീച്ച് അഞ്ചിലെ പ്രവൃത്തി 89 ശതമാനം പൂര്‍ത്തിയായതായും മുഖ്യമന്ത്രി നിയമസഭയില്‍ കെ.പി. കുഞ്ഞമ്മദ്കുട്ടിയുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
റീച്ച് ഒന്നിലെ 35 ശതമാനം പ്രവൃത്തി കഴിഞ്ഞു. ബാക്കിയുള്ള 21.8 കോടി രൂപയുടെ പ്രവൃത്തി ആരംഭിച്ചിരിക്കുകയാണ്. 3.24 കിലോമീറ്റര്‍ വരുന്ന റീച്ച് മൂന്നിലെ 51 ശതമാനം പ്രവൃത്തി പൂര്‍ത്തിയായതായും ഉയര്‍ന്ന കട്ടിംഗ് ആവശ്യമായ 800 മീറ്റര്‍ ഭാഗത്തെ പര്യവേഷണ പ്രവൃത്തി പൂര്‍ത്തിയാക്കി ഡിസൈന്‍ തയാറാക്കുന്നതിനുള്ള നടപടികള്‍ ജലപാത വികസന പദ്ധതികള്‍ക്കായി രൂപീകരിച്ച സ്പെഷല്‍ പര്‍പസ് വെഹിക്കിള്‍ ആയ കേരള വാട്ടര്‍ വെയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഡബ്ല്യുഐഎല്‍) മുഖേന സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ജലപാതയ്ക്ക് കുറുകേ നിര്‍മിക്കേണ്ട പാലങ്ങളില്‍ വെങ്ങോളിപ്പാലം പൂര്‍ത്തിയായി. കരിങ്ങാലിമുക്ക് ലോക്ക് കം ബ്രിഡ്ജ് 70 ശതമാനവും മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ് 96 ശതമാനവും പിന്നിട്ടു. 14 നടപ്പാലങ്ങളില് 12 എണ്ണം പൂര്‍ത്തിയായി. ബാക്കി രണ്ടു നടപ്പാലങ്ങളുടെ പ്രവൃത്തി പുരോഗമിച്ചുവരുന്നു.
വരയില്‍ താഴെ, കായപ്പനച്ചി ബോട്ടുജെട്ടികളുടെ പ്രവൃത്തി പൂര്‍ത്തിയായതായും കച്ചേരി ബോട്ട് ജെട്ടിയുടെ പ്രവൃത്തി എഗ്രിമെന്റ് വച്ച് സൈറ്റ് കരാറുകാരന് കൈമാറിയതായും മുഖ്യമന്ത്രി അറിയിച്ചു. 17.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച കോട്ടപ്പള്ളി പാലത്തിന്റെ സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഇന്‍ ലാൻഡ് നാവിഗേഷന്‍ വകുപ്പില്‍ തയാറാക്കി വരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.