പുല്ലുപറിക്കു ശേഷം കലുങ്ക് പണി ; ചക്കിട്ടപാറയിൽ മലയോര ഹൈവേ നിർമാണമാരംഭിച്ചു
1417389
Friday, April 19, 2024 5:24 AM IST
ചക്കിട്ടപാറ: പെരുവണ്ണാമൂഴി ചക്കിട്ടപാറ-ചെമ്പ്ര-മലയോര ഹൈവേയുടെ പണി തുടങ്ങി. പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ മാസം പതിനാലിനായിരുന്നു. 34 ദിവസം പിന്നിട്ടപ്പോൾ ബുധനാഴ്ച പാത യോരത്തെ പുല്ല് ജെസിബി കൊണ്ട് പറിച്ചു. ഇതിനു ശേഷം ചക്കിട്ടപാറ പെട്രോൾ പമ്പിനു മുമ്പിലെ പഴയ കലുങ്ക് പുനർ നിർമിക്കാനായി ഇന്നലെ ജെസിബി വച്ച് പൊളിച്ചു പ്രവർത്തിക്ക് തുടക്കമിട്ടു. ജല ജീവൻ പൈപ്പ് പണിക്കിടയിൽ പൊട്ടി.
വാൽവ് പൂട്ടി ജലമൊഴുക്ക് നിർത്തി വെച്ചിരിക്കുകയാണ്. സൈറ്റിൽ കെആർഎഫ്ബി ഉദ്യോഗസ്ഥരെത്തി നിരീക്ഷണം നടത്തിയിട്ടുണ്ട്. ജെസിബി പുല്ലു പറിക്കുന്ന വാർത്ത ചിത്രം സഹിതം ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. പണി തുടങ്ങാൻ വൈകിയത് കരാറുകാരുടെ കുഴപ്പമല്ലെന്നും പ്രവർത്തിയുടെ സാങ്കേതിക രേഖകൾ പൂർത്തിയാകാത്തതാണു കാരണമെന്നുമാണു ലഭിക്കുന്ന വിവരം.
പേപ്പറുകൾ ശരിയായെന്നും ഇനി പണി ദുദ്രഗതിയിൽ നടക്കുമെന്നും അറിയുന്നു. 33 കോടി വകയിരുത്തി 5.700 കി.മീറ്റർ റോഡാണു ചെമ്പ്ര ചക്കിട്ടപാറ പെരുവണ്ണാമൂഴി റൂട്ടിൽ പൂർത്തീകരിക്കേണ്ടത്. റോഡിന്റെ അതിര് നിർണയിക്കാത്തത് ജനങ്ങളിൽ ആശങ്കക്കിടയാക്കുന്നുണ്ട്. ഇത് വേഗം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്. ചക്കിട്ടപാറ ടൗണിലെ വ്യാപാരം നടന്നു കൊണ്ടിരിക്കുന്ന ഒട്ടേറെ കെട്ടിടങ്ങൾ പൊളിക്കൽ ഭീഷണിയിലാണ്.