മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന കൊള്ളയ്ക്ക് കാവൽ നിൽക്കുന്നത് സിപിഎം: മാത്യു കുഴൽനാടൻ എംഎൽഎ
1415543
Wednesday, April 10, 2024 5:30 AM IST
കൂരാച്ചുണ്ട്: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നടത്തുന്ന കൊള്ളയ്ക്ക് കാവൽ നിൽക്കുന്ന പാർട്ടിയാണ് കേരളത്തിലെ സിപിഎം പാർട്ടിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. കൂരാച്ചുണ്ടിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കർഷക പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിലേക്കും അക്കൗണ്ടിലേക്കും കോടിക്കണക്കിന് രൂപ എത്തിക്കാൻ മുഖ്യമന്ത്രിയുടെ അധികാരം ദുർവിനിയോഗം നടത്തി ആ കുടുംബം സമ്പാദിച്ച കോടാനുകോടിയുടെ കഥയാണ് മാസപ്പടി അഴിമതിയിലൂടെ പുറത്തുവന്നത്. അത്ര വലിയ കടൽ കൊള്ളയാണ് മുഖ്യമന്ത്രിയുടെ കുടുംബം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ ചോദ്യംചെയ്യാൻ ത്രാണിയുള്ള ഒരാളും ആ പാർട്ടിയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗശല്യം മൂലം മലയോര ജനത ദുരിതത്തിലാണ്.
എന്നാൽ മലയോര ജനതയുടെ ജീവന് സുരക്ഷ നൽകാൻ ഈ സർക്കാരിന് കഴിയുന്നില്ല. പിണറായി വിജയൻ സർക്കാരിന്റെ മലയോര ജനതയോടുള്ള സമീപനമാണിത്. പൗരത്വ നിയമം നടപ്പാക്കില്ലയെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്തുകൊണ്ടാണ് 1972-ലെ വന്യജീവി സംരക്ഷണ നിയമം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പറയാത്തത്. ഇത്തരത്തിൽ എന്തൊക്കെ പറഞ്ഞാണ് ഈ സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്രതവണ കേരളത്തിൽ വന്നു. എന്നാൽ മണിപ്പുരിൽ ഒരു വർഗീയ സംഘർഷം ഉണ്ടായിട്ട് ഒരു തവണ പോലും ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദി അവിടെ സന്ദർശിച്ചില്ല. ഈ സമയം അവിടെയുള്ള സഹോദരങ്ങൾക്ക് ആശ്വാസമേകാൻ കടന്നുചെന്നയാളാണ് രാഹുൽ ഗാന്ധിയെന്നും എംഎൽഎ ഓർമിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. എൻഎസ്യു ദേശീയ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത്, ഒ.കെ. അമ്മദ്, ജോൺസൺ കക്കയം, ഐപ്പ് വടക്കേത്തടം, ജോസ്വിൻ കുര്യാക്കോസ്, സൂപ്പി തെരുവത്ത്, കുര്യൻ ചെമ്പനാനി, വി.എസ്. ഹമീദ് എന്നിവർ പ്രസംഗിച്ചു.