ഭരണാധികാരികളുടെ മുഖത്തു നോക്കി ചോദിക്കേണ്ടത് ചോദിക്കണം: വി.ഡി. സതീശൻ
1375551
Sunday, December 3, 2023 6:57 AM IST
കോഴിക്കോട്: ഏകാധിപധികൾ ഭീരുക്കളാണെന്നും എളുപ്പത്തിൽ തോൽപ്പിക്കപ്പെടാവുന്നവരാ ണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കോഴിക്കോട് നടക്കുന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിലെ ‘രണ്ടു സാമാജികർ പുസ്തകം വായിക്കുന്നു’ സെഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫാസിസത്തിനും ഏകാധിപത്യത്തിനും എതിരേ പോരാടുമ്പോൾ ഈ കാര്യങ്ങൾ മനസിലുണ്ടാവണം അദ്ദേഹം പറഞ്ഞു.
ഭരണാധികാരികളുടെ മുഖത്തു നോക്കി ചോദിക്കേണ്ടത് ചോദിക്കണം. ജനാധിപത്യത്തിലും മതേതരത്വത്തിലും വെള്ളം ചേർക്കാൻ പറ്റില്ല. ഇത് എന്നെ പഠിപ്പിച്ചത് പുതകങ്ങളും വായനയുമാണ്.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾക്കിടയിലും സാമ്യതകൾ ഉണ്ട്. രണ്ടു കാലത്തും ഏകാധിപതികൾ ഉണ്ട്. ഹിറ്റ്ലറിന്റെ പ്രോപഗണ്ട മന്ത്രിയായ ജോസഫ് ഗീബൽസ് ചെയ്തിരുന്ന അതെ ജോലിയാണ് ഇന്ന് പിആർ ഏജൻസികൾ ചെയ്യുന്നത്. ഏകാധിപതികളെ പിആർ ഏജൻസികൾ ബ്രാൻഡ് ചെയ്യുന്നു. നമ്മെ ജനാധിപത്യവാദികൾ ആക്കുന്നത് ലോകമഹാ യുദ്ധ കാലങ്ങളിൽ മനുഷ്യാവകാശവും ജനാധിപത്യവും എങ്ങനെ ചവിട്ടിയരക്കപ്പെട്ടു എന്നതിന്റെ തിക്തമായ ഓർമ്മകൾ ആണ്. ഏകാധിപതികൾ വലിയ പ്രശ്നമാണ്. ഏകാധിപതികൾ പ്രത്യേയശാസ്ത്ര സഹോദരങ്ങളാണ്.
ഫാഷിസത്തോടുള്ള എതിർപ്പ് വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ മനസിൽ പ്രതിഷ്ഠ നേടിയത് നെഹ്റുവിന്റെ പുസ്തകങ്ങൾ വായിച്ചത് കൊണ്ടായിരുന്നു. മതേതരത്വം എന്ന വാക്ക് ആകാശത്തു നിന്ന് പൊട്ടി വീണതല്ല. അത് ഇന്ത്യൻ സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി നെഹ്റു അടക്കമുള്ളവർ രൂപപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
വർഗീയതയും വിഭാഗീയതയും പഠിപ്പിക്കുന്ന സ്കൂളുകൾക്ക് പ്രതിരോധം തീർക്കാൻ കോൺഗ്രസിന് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം നെഹ്റു സ്കൂളുകൾ തുടങ്ങുക എന്നതാണ് എന്ന് എം.കെ. മുനീർ എംഎൽഎ പറഞ്ഞു.