ആനക്കല്ലുംപാറ ചെറുകിട ജലവൈദ്യുതി പദ്ധതിക്കായുള്ള സ്ഥലം സന്ദർശിച്ചു
1339128
Friday, September 29, 2023 1:02 AM IST
കൂമ്പാറ: കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറക്ക് അടുത്തുള്ള ആനക്കല്ലുംപാറ ചെറുകിട ജലവൈദ്യുതി പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം തൃശൂർ കോർപറേഷൻ പ്രത്യേക സംഘം സന്ദർശിച്ചു.
ആനക്കല്ലുംപാറ പുഴയിൽ 66 മീറ്റർ നീളത്തിൽ തടയണ നിർമിച്ച് 580 മീറ്റർ നീളത്തിൽ പൈപ്പിട്ട് വെള്ളം താഴേക്ക് ചാടിച്ച് രണ്ട് ജനറേറ്ററുകൾ പ്രവർത്തിപ്പിച്ച് പ്രതിവർഷം 65 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാൻ ആണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
ആനക്കല്ലും പാറയിൽ നിന്നും ഉല്പാദിപ്പിക്കുന്ന വൈദ്യുതി തൊട്ടടുത്ത 110 കെ വി സബ്സ്റ്റേഷനിൽ കൊടുക്കും. കൊടുക്കുന്ന അത്രയും തന്നെ വൈദ്യുതി വിയൂരിലുള്ള 110 കെ വി സബ്സ്റ്റേഷനിൽ നിന്നും തൃശൂർ കോർപറേഷനിലേക്ക് നൽകാനാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, തൃശൂർ കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കരോളിൻ, ഷീബ ബാബു, പ്രസാദ്,രാമനാഥൻ പദ്ധതി ഉപദേശക സമിതി അംഗങ്ങളായ ടി.എസ്. ജോസ്, സജി, പത്മരാജൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
പദ്ധതി വരികയാണെങ്കിൽ പ്രദേശവാസികൾക്ക് തൊഴിലവസരങ്ങളും വൈദ്യുതി മേഖലയിൽ കൂടുതൽ നേട്ടവും ഉണ്ടാക്കാൻ സാധിക്കുമെന്ന് സംഘാംഗങ്ങൾ പറഞ്ഞു.