പൂഴിത്തോട് - വയനാട് ബദൽ പാത: ചെമ്പനോടയിൽ ഇന്ന് ജനകീയ കൺവൻഷൻ
1338152
Monday, September 25, 2023 1:32 AM IST
ചക്കിട്ടപാറ: പേരാമ്പ്ര നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഇടയാക്കുന്നതും വയനാട് ജില്ലക്കാരുടെ യാത്രാ ക്ലേശത്തിന് ശാശ്വത പരിഹാരവുമാകുന്ന പൂഴിത്തോട്- പടിഞ്ഞാറത്തറ ചുരമില്ലാ ബദൽ റോഡ് യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ച് ഇന്ന് വൈകീട്ട് നാലിന് ചെമ്പനോട മേലെ അങ്ങാടിയിൽ കർമസമിതിയുടെ നേതൃത്വത്തിൽ ബഹുജന കൺവൻഷൻ നടത്തും.
വയനാട് ജില്ലയിൽ കർമസമിതിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത്, വനം, കെഎസ്ഇബി, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ ചേർന്ന് വയനാട് താന്നിയോട് മുതൽ കോഴിക്കോട് ജില്ലാ അതിർത്തിയായ മേലെ കരിങ്കണ്ണി വരെ സർവേ നടത്തിയ മാതൃകയിൽ ജില്ലയിലെ പൂഴിത്തോട് പനക്കംകടവ് വരെ ടാറിംഗ് പൂർത്തീകരിച്ചതും പനക്കംകടവ് മുതൽ വയനാട് അതിർത്തിയായ മേലെ കരിങ്കണ്ണി വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരം വനഭൂമി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സർവേ നടത്തി രണ്ടു ജില്ലകളിലെയും റിപ്പോർട്ടുകൾ അടിയന്തരമായി കേരള സർക്കാരിന് സമർപ്പിക്കണമെന്നാണ് കൺവൻഷൻ ആവശ്യപ്പെടുന്നത്. കൺവൻഷനിൽ വയനാട് കർമസമിതി ഭാരവാഹികളും പങ്കെടുക്കും.
ചുരമില്ലാ പാതയ്ക്ക് വയനാട് ജില്ലയിൽ പ്രാരംഭ സർവേ നടന്നു കഴിഞ്ഞപ്പോൾ ബദൽ റോഡിനെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണോ ടൈഗർ സഫാരി പാർക്ക് നടപ്പാക്കാനുള്ള ശ്രമം എന്നും യോഗം ആരോപിച്ചു. ഇത്തരം നടപടിക്ക് ആര് ശ്രമിച്ചാലും അതിനെതിരായി മലയോര കർഷകരെയും ബഹുജനങ്ങളെയും അണി നിരത്തി ശക്തമായി പ്രതിരോധിക്കുന്നതിനും യോഗം തീരുമാനിച്ചു.
കർമസമിതി ചെയർമാൻ ടോമി മണ്ണൂർ അധ്യക്ഷത വഹിച്ചു. കൺവീനർ മാത്യു പേഴത്തിങ്കൽ, ജോബി ഇലന്തൂർ, ബെന്നി പെരുവേലിൽ, സബിൽ ആണ്ടൂർ, മാത്യു കാക്കത്തുരുത്തൽ, കരുണാകരൻ പുത്തരിപ്പാറ എന്നിവർ പ്രസംഗിച്ചു.