ഔട്ട് ടേൺ ഉത്തരവ് പിൻവലിക്കണം: എൻജിഒ അസോസിയേഷൻ
1337421
Friday, September 22, 2023 2:24 AM IST
കോഴിക്കോട്: സർവേ വകുപ്പിൽ ഡയറക്ടർ പുറത്തിറക്കിയ അശാസ്ത്രീയമായ ഔട്ട് ടേൺ ഉത്തരവ് ഉടനടി പിൻവലിക്കണമെന്ന് കേരള എൻജിഒ അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ. പ്രദീപൻ ആവശ്യപ്പെട്ടു.
സർവീസ് സംഘടനകളുമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായി ഇറക്കിയ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്നും സർവേ വകുപ്പിനെ സ്വകാര്യവത്ക്കരിക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
സർവേ വകുപ്പിൽ, അശാസ്ത്രീയ ഔട്ട് ടേൺ നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ കേരള എൻജിഒ അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റി കോഴിക്കോട് റീ സർവേ അസി. ഡയറക്ടറുടെ കാര്യാലയത്തിന് മുമ്പാകെ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ല ട്രഷറർ വി.പി. രജീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മറ്റി അംഗങ്ങളായ സി.കെ. പ്രകാശൻ, ടി. സിജു, വി. പ്രദീഷ്, മുരളീധരൻ കന്മന ജില്ല ഭാരവാഹികളായ സന്തോഷ് കുനിയിൽ, കെ.പി. അനീഷ് കുമാർ, കെ.പി. സുജിത, പി.പി. പ്രകാശൻ, റിയാസ് തായാട്ട്, കെ. പ്രവീണ, സജീവൻ പൊറ്റക്കാട്, കെ. സന്തോഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.