ദളിത് കുടുംബത്തിന് കുടിവെള്ള കണക്ഷന് വിലക്കിയതായി പരാതി
1337420
Friday, September 22, 2023 2:24 AM IST
കോഴിക്കോട് : മതിയായ രേഖകള്‍ നല്കില്ലെന്നാരോപിച്ച് ദളിത് കുടുംബത്തിന് കുടിവെള്ള കണക്ഷന് വിലക്കി ജല അതോറിറ്റി. കോര്പറേഷന് 24-ാം വാര്‍ഡില്‍ അരുളപ്പാട്ട് താഴം സത്യനും കുടുംബവുമാണ് ജല അതോറിറ്റിയുടെ കര്‍ശന നിലപാടില്‍ ദുരിതം പേറുന്നത്.
ഏഴ് വര്‍ഷം മുമ്പ് മരണപ്പെട്ട മാതാവിന്റെ പേരിലുള്ള ഒന്നര സെന്റ് സ്ഥലത്താണ് സത്യനും കുടുംബവും താമസിക്കുന്നത്. അമൃത് പദ്ധതിയുടെ ഭാഗമായി കേരള ജല അതോറിറ്റി വഴി നടപ്പാക്കുന്ന കുടിവെള്ള പൈപ്പ് കണക്ഷന് അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ തിങ്കാഴ്ച്ച ഇവര്‍ക്ക് കണക്ഷന് നല്‍കിയിരുന്നു.
സ്വന്തമായി കിണറോ കുടിവെളള സംവിധാനങ്ങളോ ഇല്ലാത്ത സത്യനും കുടുംബവും വീടിനടുത്തുള്ള ജല അതോറിറ്റിയുടെ പൊതുടാപ്പില്‍ നിന്നാണ് വീട്ടാവശ്യങ്ങള്‍ക്കായുള്ള വെള്ളം ശേഖരിച്ചിരുന്നത്. പദ്ധതി പ്രകാരം പരിസരത്തുള്ള എല്ലാവര്ക്കും പൈപ്പ് കണക്ഷന് ലഭിച്ചതു മൂലം പൊതുടാപ്പ് വിച്ഛേദിക്കുകയും ചെയ്തു.
എന്നാല്‍ സത്യന് സമര്‍പ്പിച്ച രേഖകകളില്‍ സഹോദരങ്ങളുടെ സമ്മത പത്രമില്ലെന്ന് കാണിച്ച് ജല അതോറിറ്റി സത്യന്റെ വീട്ടില്‍ സ്ഥാപിച്ച പൈപ്പില്‍ നിന്നു വെള്ളമെടുക്കുന്നത് വിലക്കി.
ഇതോടെ നിലവിലുള്ള പൊതുടാപ്പ് നഷ്ടപ്പെടുകയും വീട്ടില്‍ സ്ഥാപിച്ച പൈപ്പില്‍ നിന്നും വെള്ളം ഉപയോഗിക്കാനുമാവാത്ത സ്ഥിതിയിലായി. താല്കാലിക ആവശ്യങ്ങള്‍ക്ക് റസിഡന്‍സ് അസോസിയേഷന് വഴി നല്കിയ വെള്ളമാണ് ഇപ്പോള്‍ കുടുംബത്തിന്റെ ഏക ആശ്രയം.
കുടിവെള്ളം നിഷേധിക്കുന്നത് പ്രതിഷേധകരം: പട്ടികജാതി വര്‍ഗ സംരക്ഷണ സമിതി
കോഴിക്കോട്: സത്യന്റെ കുടുംബത്തിന് കുടിവെള്ളം നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പട്ടികജാതി വര്‍ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂര്‍ പറഞ്ഞു.
ജല അതോറിട്ടി അസി. എക്സിക്യൂട്ട് എന്‍ജിനീയര്‍ ഗിരീഷുമായി ബന്ധപ്പെട്ടെങ്കിലും അന്വേഷിക്കാമെന്നായിരുന്നു മറുപടി. രേഖകള്‍ മുഴുവനും പരിശോധിക്കാതെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ കൃത്യനിര്‍വണത്തില്‍ കാണിച്ച അനാസ്ഥ മൂലമാണ് കുടിവെള്ള കണക്ഷന് നഷ്ടമായത്.
ഉപാധികളില്ലാതെ സത്യനും കുടുംബത്തിനും കുടി വെള്ളം ലഭ്യമാക്കാനുള്ള നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.