കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്സ്ത്രക്രിയക്ക് ശേഷം ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഇരയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ശ്രമിച്ച ജീവനക്കാരെ സർവീസിൽ തിരിച്ചെടുത്ത നടപടി അപലപനീയമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവൻ.
ഇരയെ ഭീഷണിപ്പെടുത്തിയതിനും തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിനും തെളിവുണ്ടെന്ന് പോലീസ് പറയുമ്പോൾ അതിവിചിത്രമായ വാദങ്ങൾ മുന്നോട്ട് വച്ചാണ് പ്രിൻസിപ്പാൽ ജീവനക്കാരെ തിരിച്ചെടുത്തിരിക്കുന്നത്.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിയുടെ ബന്ധു പ്രസീത മനോളി ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് ജോലിയിൽ തിരിച്ചെടുത്ത് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഉത്തരവ് ഇറക്കിയതെന്നും സജീവൻ വാർത്താക്കുറിപ്പിൽ ആരോപിച്ചു. സിപിഎം ഇടപെടലാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. ജില്ലാകളക്ടർ,ഡെപ്യൂട്ടി കളക്ടർ, മേയർ, ജില്ലാപഞ്ചയത്ത് പ്രസിഡന്റ്, കോർപറേഷൻ സെക്രട്ടറി, ജില്ലാവികസന കമ്മീഷണർ എല്ലാം വനിതകളായ ജില്ലയിലാണ് മെഡിക്കൽ കോളജ് ഐസിയുവിൽ ഓപറേഷൻ കഴിഞ്ഞ് അർധബോധാവസ്ഥയിലായിരുന്ന യുവതി പീഡിപ്പിക്കപ്പെട്ടത്. അതിന് ശേഷം ഇരയെ ഭീഷണിപ്പെടുത്തി തെളിവു നശിപ്പിക്കാൻ നോക്കിയ ജീവനക്കാർക്ക് ഒളിവിൽ പോകാനും മുൻകൂർ ജാമ്യം ലഭിക്കുവാനും ഭരണപക്ഷ യൂണിയന്റെ സഹായം ലഭിച്ചിരുന്നുവെന്നും സജീവൻ ആരോപിച്ചു.