വന്യമൃഗ ശല്യം: സർക്കാർ അടിയന്തരമായി ഇടപെടണമെന്ന്
1298168
Monday, May 29, 2023 12:05 AM IST
കോടഞ്ചേരി: വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എകെസിസി കോടഞ്ചേരി യൂണിറ്റ് ആവശ്യപ്പെട്ടു.
കൃഷിയിടം തന്നെ പാർപ്പിടമായും സ്വീകരിച്ചിരിക്കുന്ന വന്യമൃഗങ്ങൾക്കെതിരേ ബന്ധപ്പെട്ട അധികാരികൾ കണ്ണ് തുറക്കുക, ബഫർ സോൺ വിഷയത്തിൽ സുപ്രീംകോടതി വിധിക്കനുസരിച്ച് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുക, റബർ, നാളികേരം എന്നിവയുടെ വില തകർച്ചയിൽ അടിയന്തരമായി ഇടപെടുക തുടങ്ങിയ ആവശ്യങ്ങളാണ് യോഗത്തിൽ ഉന്നയിച്ചത്. കോടഞ്ചേരി മേഖല ഡയറക്ടർ ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ യോഗം ഉദ്ഘാടനെ ചെയ്തു. സ്വന്തം കൃഷിയിടത്തിൽ ഇറങ്ങാനോ റോഡിൽ ഇറങ്ങാനോ സാധിക്കാത്ത രീതിയിൽ വന്യമൃഗ ശല്യം ദിനംപ്രതി കൂടിവരുന്നതിനെതിരേ സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോടഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠത്തിൽ അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. ജിൻസ് മറ്റപ്പള്ളി, ബിബിൻ കുന്നത്ത്, ഷില്ലി സെബാസ്റ്റ്യൻ, ജോജോ പള്ളിക്കാമഠത്തിൽ, ഷാജി വണ്ടനാക്കര എന്നിവർ പ്രസംഗിച്ചു.