ഉണര്‍വ് 2022; ഭിന്നശേഷി കലോത്സവം ഇന്ന്
1245257
Saturday, December 3, 2022 12:43 AM IST
കോഴിക്കോട്: ലോക ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ഭിന്നശേഷി കലോത്സവം ഉണര്‍വ് 2022 നടക്കും. കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന കലോത്സവം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ ഭിന്നശേഷി ക്ഷേമ മേഖലയില്‍ മികച്ച സേവനം ചെയ്ത നാഷണല്‍ സര്‍വീസ് സ്കീമിനുള്ള സഹചാരി അവാര്‍ഡും പഠനത്തില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള വിജയമൃതം പുരസ്കാരവും സമ്മാനിക്കും. സാമൂഹ്യ നീതി വകുപ്പിലെ ക്ഷേമ സ്ഥാപനങ്ങളിലെ ഭിന്നശേഷിയുള്ളവര്‍ നിര്‍മിച്ച കര കൗശല വസ്തുക്കളുടെ പ്രദര്‍ശന മേളയുമുണ്ടാകും. എഡിഎം സി. മുഹമ്മദ് റഫീഖ് പതാക ഉയര്‍ത്തുന്നതോടെ രാവിലെ പത്തിന് കലോത്സവത്തിന് തിരശീല ഉയരും.
തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, ജില്ലാ കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, കോര്പറേഷന് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. ദിവാകരന് എന്നിവര്‍ മുഖ്യാതിഥികളാകും.