സര്‍ഗസംവാദവും പുസ്തകോത്സവവും
1225353
Tuesday, September 27, 2022 11:59 PM IST
കോഴിക്കോട് : ചാലപ്പുറം കേസരി ഭവനിൽ നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമായി സര്‍ഗ്ഗസംവാദം നടന്നു. ഭാരതസ്വാതന്ത്ര്യ സമരത്തിലെ സന്യാസി സ്വാധീനം എന്ന വിഷയത്തില്‍ കോഴിക്കോട് ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍നിന്നു വിരമിച്ച പ്രഫ.കെ.പി.സോമരാജന് പ്രഭാഷണം നടത്തി.
ബ്രിട്ടീഷുകാരില്‍നിന്നു സ്വാതന്ത്ര്യം നേടിയെടുക്കാന്‍ നടന്ന ആദ്യ നീക്കം 1770-ല്‍ ബംഗാളില്‍ നടന്ന സന്യാസിലഹളയാണെന്നും സ്വാതന്ത്ര്യ സമര പോരാട്ട പരമ്പരയില്‍ ഏറ്റവുമൊടുവില്‍ നടന്നതു ക്വിറ്റിന്ത്യാ സമരമാണെന്നു പഠിപ്പിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രോവിഡന്‍സ് കോളജ് മലയാള വിഭാഗം മുന്‍ അധ്യക്ഷ ഡോ.നളിനി സതീഷ് അധ്യക്ഷത വഹിച്ചു. മംഗളം ദിനപത്രം കോഴിക്കോട് പത്രാധിപ സമിതി തലവന്‍ ജിനേഷ് പൂനത്ത്, പ്രിയ പി.ജി, വനജ എസ്. നായര്‍ എന്നിവർ സംസാരിച്ചു.
സര്ഗസംവാദത്തെത്തുടര്ന്ന് ഭരതശ്രീ രാധാകൃഷ്ണന് അവതരിപ്പിച്ച ഭരതനാട്യവും ശിവകുമാര്‍ അമൃതകലയും സംഘവും അവതരിപ്പിച്ച സോപാന സംഗീത ലയവും തിരുവാതിരക്കളിയും അരങ്ങേറി. പുസ്തകോല്‍സവ വേദിയില്‍ എഴുത്തുകാരന് കെ.എം.നരേന്ദ്രനുമായി ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണന് അഭിമുഖം നടത്തി.