കക്കൂസ് മാലിന്യം തള്ളുന്നവരെ പിടിക്കാന്‍ എസ്എച്ച്ഒമാര്‍ക്ക് നിര്‍ദേശം
1225037
Monday, September 26, 2022 11:52 PM IST
കോഴിക്കോട്: രാത്രിയുടെ മറവില്‍ നഗരത്തില്‍ കക്കൂസ് മാലിന്യം തള്ളുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ഹൗസ് ഓഫീസര്‍മാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍.
മനുഷ്യാവകാശ കമ്മിഷനു മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന് ജുഡീഷ്യല്‍ അംഗം കേസ് തീര്‍പ്പാക്കി.
വീടുകളിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ കരാറെടുക്കുന്നവര്‍ വീടുകളില്‍ നിന്നും രാത്രിയില്‍ ശേഖരിക്കുന്ന കക്കൂസ് മാലിന്യം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി തള്ളുന്നതായി ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് സിറ്റി പോലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.നഗരസഭാ സെക്രട്ടറിയില്‍ നിന്ന് കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. നഗരസഭയുടെ ഹെല്‍ത്ത് സ്ക്വാഡ് ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരേ വ്യാപകമായ കോര്പറേഷന് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സീവേജ് ട്രീറ്റ്മെന്റിനായി നഗരസഭ നിര്‍മിക്കുന്ന 100 കെഎല്‍ഡി ശേഷിയുള്ള പ്ലാന്റിന്റെ ജോലികള്‍ 2020 മാര്‍ച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഹെല്‍ത്ത് സ്ക്വാഡുകള്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് 2018 മുതല്‍ 7 കേസുകളില്‍ നിന്നായി 2,70,070 രൂപ പിഴ ചുമത്തിയിട്ടുണ്ടെന്ന് കോര്പറേഷന് സെക്രട്ടറി അറിയിച്ചു.എ. സി. ഫ്രാന്‍സിസാണ് പരാതിക്കാരന്.