മുക്കം നഗരസഭയില്‍ പദ്ധതി നടത്തിപ്പില്‍ വ്യാപക ക്രമക്കേടുകള്‍: ഓഡിറ്റ് റിപ്പോര്‍ട്ട്
1223417
Wednesday, September 21, 2022 11:57 PM IST
മുക്കം: നഗരസഭയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. 2020-21ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കരാര്‍ റദ്ദാക്കാതെ നിര്‍വഹണം നടത്തിയതില്‍ വന്‍ ക്രമക്കേടാണ് കണ്ടെത്തിയത്. ജൂലൈയില്‍ നഗരസഭയ്ക്ക് ലഭിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം മാത്രമാണ് കൗണ്‍സിലര്‍മാര്‍ക്ക് വിതരണം ചെയ്തത്.
മൂന്നുമാസം റിപ്പോര്‍ട്ട് നഗരസഭ പൂഴ്ത്തി വെക്കുകയായിരുന്നുവെന്ന് കൗണ്‍സിലര്‍ കൃഷ്ണന് വടക്കയില്‍ പറഞ്ഞു. മുക്കം അങ്ങാടിയിലെ ഓവുചാല്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭ മാറ്റിവച്ചിരുന്ന 13 ലക്ഷത്തിലധികം രൂപ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് ആസൂത്രണ ബോര്‍ഡിനെയും ജനങ്ങളെയും കബളിപ്പിച്ചാണ് ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കരാറുകാരന് കൂടുതല്‍ ലാഭം ഉണ്ടാക്കുന്നതിനായി നഗരസഭ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നഗരസഭയില്‍ നിര്‍വഹണം നടത്തിയ വിവിധ റോഡുകളുടെ കോണ്‍ക്രീറ്റ് പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ വിശദാംശം പരിശോധിച്ചാല്‍ മുഴുവന്‍ പ്രവര്‍ത്തികളും ശരാശരി 23 ശതമാനം ടെന്‍ഡര്‍ കുറവിലാണ് ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുള്ളത്.
നഗരസഭയുടെ സാമ്പത്തിക താത്പര്യം ഉറപ്പാക്കുന്ന ഇടപെടല്‍ നിര്‍വഹണ ഉദ്യോഗസ്ഥന്റെയോ കൗണ്‍സിലിന്റെയോ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.