നന്തൻകോട് ചാരാച്ചിറ കുളം കാടുകയറി നശിക്കുന്നു
1479300
Friday, November 15, 2024 6:45 AM IST
പേരൂർക്കട: ശുചീകരണം ഇല്ലാതായതോടെ നന്തൻകോട് ചാരാച്ചിറ കുളം കാടുകയറിയ നിലയിൽ. നന്തൻകോട് വാർഡിൽ ഉൾപ്പെടുന്ന കുളം ഏകദേശം മൂന്ന് വർഷത്തിനു മുമ്പാണ് ശുചീകരിച്ചത്.
നന്തൻകോട് ജംഗ്ഷനിൽ നിന്ന് കഷ്ടിച്ച് അരകിലേ മീറ്റർ ദൂരമാണ് കുളത്തിലേക്കുള്ളത്. പാതയോടു ചേർന്നു തന്നെയാണ് കുളം സ്ഥിതി ചെയ്യുന്നത്. കുളം തിരിച്ചറിയാനാകാത്തവിധം പായൽ മൂടിക്കഴിഞ്ഞു. കുളത്തിന്റെ നാലുഭാഗവും കരിക്കൽക്കെട്ട് ഉണ്ടെങ്കിലും കാട്ടുചെടികൾ വളർന്നതോടെ ഇവ ഇടിഞ്ഞ് വെള്ളത്തിലേക്ക് വീണ നിലയിലാണ്. കുളത്തിന്റെ നടപ്പാതയും കാടുകയറി.
കഴിഞ്ഞ ശുചീകരണ കാലത്ത് പായൽമുഴുവൻ നീക്കി പ്രദേശത്ത് വളർന്നു നിന്ന പാഴ്ചെടികൾ വെട്ടിവൃത്തിയാക്കിയിരുന്നു. പ്രദേശത്ത് ഇപ്പോൾ സാമൂഹിക വിരുദ്ധ ശല്യം വർധിച്ചതായും നാട്ടുകാർ പറയുന്നു. ഇതോടെ രാത്രി സമയങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
കുളത്തിലെ പായലുകൾ പൂർണ്ണമായും നീക്കുന്നതിന് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 50,000 രൂപ അനുവദിച്ചിട്ടുണ്ടെന്ന് കൗൺസിലർ കെ.എസ്.റീന പറയുന്നു.