വെട്ടുകാട് തിരുനാളിന് ഇന്ന് കൊടിയേറും
1479287
Friday, November 15, 2024 6:34 AM IST
വലിയതുറ: തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന് ഇന്നു കൊടിയേറും. വൈകുന്നേരം 4.30ന് ആരംഭിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്കു തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ആര്. ക്രിസ്തുദാസ് മുഖ്യകാര്‍മികനായിരിക്കും.
തുടര്‍ന്ന് വൈകുന്നേരം 6.30ന് ഇടവകവികാരി റവ. ഡോ. വൈ.എം. എഡിസൺ തിരുനാള്‍ കൊടിയേറ്റും. നാളെ രാവിലെ ആറിനും 11നും വൈകുന്നേരം 5.30നും രാത്രി എട്ടിനും ദിവ്യബലി ഉണ്ടായിരിക്കും. ഞായര്‍ രാവിലെ ആറിനും എട്ടിനും 11നും ദിവ്യബലി. ഉച്ചകഴിഞ്ഞ് നാലിനു ആഗ്യഭാഷയില്‍ ദിവ്യബലി.
വൈകുന്നേരം അഞ്ചിനും 6.45നും എട്ടിനു ഹിന്ദിയിലും ദിവ്യബലി ഉണ്ടായിരിക്കും. 23ന് വൈകുന്നേരം 6.30ന് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകൊണ്ടുളള പ്രദക്ഷിണം. 24ന് തിരുനാൾ കൊടിയിറക്കം.
ഇന്ന് ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി
വലിയതുറ: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാള്‍ മഹോത്സവം പ്രമാണിച്ച് തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോള്‍ കാട്ടാക്കട താലൂക്കില്‍ ഉള്‍പ്പെടുന്നതുമായ അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കിഴാറൂർ, കുളത്തുമ്മല്‍, മാറനല്ലൂര്‍,
മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നു ഉച്ചയ്ക്കു ശേഷം കലക്ടര്‍ അനുകുമാരി അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുളള പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.