ഓണറേറിയം ലഭിച്ചില്ല; അങ്കണവാടി വർക്കർമാർ പ്രതിഷേധിച്ചു
1479297
Friday, November 15, 2024 6:45 AM IST
നെടുമങ്ങാട് : ഓണറേറിയം ലഭിക്കാത്തതിനെ തുടർന്ന് അങ്കണവാടി വർക്കർമാർ വെള്ളനാട് ശിശു വികസന പദ്ധതി ഓഫിസ് ഉപരോധിച്ചു.
മാസവും മൂന്ന് ഷെയറുകൾ ആയാണ് അങ്കണവാടി വർക്കർമാർക്ക് ശമ്പളം ലഭിക്കുന്നത്. ഇതിൽ സംസ്ഥാന ഷെയർ മാത്രമാണ് വർക്കർമാർക്ക് ലഭിച്ചത്.
13-ാം തീയതി ആയിട്ടും കേന്ദ്ര, പഞ്ചായത്ത് ഷെയറുകൾ ലഭിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. വെള്ളനാട്, പൂവച്ചൽ, കാട്ടാക്കട, കുറ്റിച്ചൽ പഞ്ചായത്തുകളിലെ വർക്കർമാർ ആണ് പ്രതിഷേധിച്ചത്. സമരത്തിനിടെ ഒരു വർക്കർ കുഴഞ്ഞു വീണു. ഇവരെ വെള്ളനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓണറേറിയത്തിൽ ലഭിക്കാനുള്ള രണ്ട് ഷെയറുകളും ഉടൻ വർക്കർമാരുടെ അക്കൗണ്ടിൽ എത്തുമെന്ന് ഐസിഡിഎസ് അധികൃതർ അറിയിച്ചതിന് പിന്നാലെ ആണ് സമരം അവസാനിപ്പിച്ചത്.