വിദ്യാര്‍ഥികള്‍ വെല്ലുവിളികള്‍ ഏറ്റെടുത്തു മുന്നോട്ടു പോകണം: സാക്ഷി മോഹന്‍
1479286
Friday, November 15, 2024 6:34 AM IST
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കു വെല്ലുവിളികള്‍ ഏറ്റെടുത്തു മുന്നോട്ടുപോകുന്നതിനു സാധിക്കണമെന്നു തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടര്‍ സാക്ഷി മോഹന്‍. പട്ടം സെന്റ് മേരീസ് സ്കൂളില്‍ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍.
ജീവിതത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ സ്വാഭാവികമാണ്.
ജീവിതത്തിലെ പഠനകാലമെന്ന നിര്‍ണായക ഘട്ടത്തിലാണ് വിദ്യാര്‍ഥികളായ നിങ്ങള്‍ ഇപ്പോള്‍. ജോലിയും മറ്റുസാഹചര്യങ്ങളുമെല്ലാം മുന്നിലുണ്ട്. ജീവിതത്തില്‍ നല്ലരീതിയില്‍ മുന്നേറുന്നതിനു ഓരോരുത്തര്‍ക്കും സാധിക്കട്ടെ എന്നും സാക്ഷി മോഹന്‍ ആശംസിച്ചു. ഇന്റര്‍ സ്കൂള്‍ കള്‍ച്ചറല്‍ ഫെസ്റ്റ്, സ്ഥാപക ദിനാഘോഷം, ശിശുദിനാഘോഷം എന്നീ പരിപാടികള്‍ക്കൊപ്പം സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മെഡല്‍ നേടിയ സ്കൂളിലെ 22 വിദ്യാര്‍ഥികളെയും ആദരിച്ചു.
കായിക മേളയില്‍ മെഡലുകള്‍ കരസ്ഥമാക്കിയ സ്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ചരിത്രം രചിച്ചിരിക്കുകയാണെന്നു ചടങ്ങില്‍ പ്രസംഗിച്ച മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. സ്പോട്സ് സ്കൂളുകള്‍ക്കു മാത്രമാണ് സാധാരണ ഇത്തരത്തില്‍ മെഡലുകള്‍ ലഭിക്കാറുള്ളത്.
ആ നേട്ടമാണ് സ്കൂളിലെ 22 വിദ്യാര്‍ഥികള്‍ കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോ വിദ്യാര്‍ഥികള്‍ക്കും വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്നു ചടങ്ങില്‍ പ്രസംഗിച്ച ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേം കുമാര്‍ പറഞ്ഞു. 84 വര്‍ഷത്തെ പാരമ്പര്യമുള്ള കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമാണിതെന്നും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. നെല്‍സണ്‍ വലിയവീട്ടില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഎ പ്രസിഡന്റ് മുരളിദാസ്, മദർ പിടിഎ പ്രസിഡന്റ് എം.എസ്. സജിനി, സ്കൂള്‍ ചെയര്മാന് ജി.എസ്.ആഷിഖ് തുടങ്ങിയവര്‍ പങ്കെടുത്തു. വൈസ് പ്രിന്‍സിപ്പല്‍ റാണി എം. അലക്സ് നന്ദി പറഞ്ഞു.