ആവേശമായി ശിശുദിന റാലി: വെള്ളായണി ലിറ്റിൽഫ്ലവർ സ്കൂളിന് ഒന്നാംസ്ഥാനം
1479288
Friday, November 15, 2024 6:34 AM IST
തിരുവനന്തപുരം:ശിശുദിനാഘോ ഷത്തോടനുബന്ധിച്ച് നടത്തിയ റാലി ശ്രദ്ധേയമായി. സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ ജില്ലയിലെ വിദ്യാർഥി കളെ പങ്കെടിപ്പിച്ചു നടത്തിയ റാലിയിൽ നേമം വെള്ളായണി ലിറ്റിൽ ഫ്ലവർ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി എവർ റോളിംഗ് കീരീടം നിലനിർത്തി.
തുടർച്ചയായി എട്ടാം വർഷമാണ് ഈ സ്കൂൾ ഒന്നാം സ്ഥാനത്ത് എത്തുന്നത്. വഴുതക്കാട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു രണ്ടാം സ്ഥാനം ലഭിച്ചു. പേരൂർക്കട ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുന്നാം സ്ഥാനം കരസ്ഥമാക്കി. രാവിലെ 8.30-ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മന്ത്രി ജി.ആർ. അനിൽ റാലി ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടികളുടെ നേതാക്കളായി തെരഞ്ഞെടുത്ത പെൺകുട്ടികളാണ് റാലി നയിച്ചത്.
പഞ്ചവാദ്യം, അശ്വാരൂഢസേ ന, പോലീസ് ബാന്റ്, സ്റ്റുഡൻസ് പോലീസ്, സ്ക്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എൻസിസി എന്നിവർ അകമ്പടി സേവിച്ചു. ശിശുദിന പ്ലക്കാർഡുകൾ, ബാലസൗഹൃദ പ്ലക്കാർഡുകൾ, ബാനർ, ഡ്രിൽ പ്ലോട്ടുകൾ എന്നിവ റാലിയിൽ അണിചേർന്നു. വിവിധ ഹോമുകളിൽ താമസിക്കുന്ന കുട്ടികളും ഇത്തവണ ആദ്യമായി റാലിയുടെ ഭാഗമായി. റാലി കനകകുന്ന് നിശാഗന്ധിയിൽ സമാപിച്ചു.
തുടർന്നു നടന്ന പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ബഹിയ ഫാത്തിമ ഉദ്ഘാടനം ചെയ് തു. പ്രസിഡന്റ് അമാന ഫാത്തിമ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികളുടെ സ്പീക്കർ പി.എ. നിധി മുഖ്യപ്രഭാഷണം നടത്തി.
ആൻ. എലിസബത്ത് സ്വാഗതവും ആൽഫിയ മനു നന്ദിയും പറഞ്ഞു. മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി വായിച്ചു.
മന്ത്രി വീണാ ജോർജ് ശിശുദിന സന്ദേശം നൽകി.