നാടകക്കൂടിലെ കൂട്ടുകാര്‍ക്ക് ഉപജില്ലാ കലോത്സവത്തില്‍ അംഗീകാരം
1479298
Friday, November 15, 2024 6:45 AM IST
നെയ്യാറ്റിന്‍കര: പ്രകൃതിയുടെ സൗന്ദര്യമായ മുയലുകളെ മൃഗീയമായി കൊന്ന് തിന്നാൻ തീക്കണ്ണുകളും കഴുകന്റെ ശൗര്യവുമായി എത്തുന്ന വേട്ടക്കാരനെ ചെറുക്കാൻ സർവ അടവുകളും പയറ്റുന്ന രാമലുവും സുബാലയും അരങ്ങില്‍ ആടിത്തിമര്‍ത്തു.
ദൈവം സ്നേഹമാണ് എന്ന് ഉറപ്പിക്കുന്ന രാമലുവിന്റെ മുയലുകള്‍ എന്ന നാടകത്തിലെ ഓരോ കഥാപാത്രവും ഓരോ രംഗവും കാഴ്ചക്കാരന്റെ ഹൃദയങ്ങളെ സ്പര്‍ശിച്ചു. നെയ്യാറ്റിന്‍കര ഉപജില്ലാ കലോത്സവത്തില്‍ യുപി വിഭാഗത്തില്‍ ഈ നാടകത്തിന് അവതരണത്തിന്റെ ഒന്നാം സമ്മാനത്തിനു പുറമേ മികച്ച നടന്, നടി എന്നീ പുരസ്കാരങ്ങളുടെ നേട്ടവും ലഭിച്ചു.
മാരായമുട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞ ദിവസം സമാപിച്ച നെയ്യാറ്റിന്‍കര ഉപജില്ലാ കലോത്സവത്തില്‍ രാമലുവിന്റെ മുയലുകള്‍ എന്ന നാടകം അവതരിപ്പിച്ചത് നെയ്യാറ്റിന്‍കര ഗവ. ജെബിഎസിലെ വിദ്യാര്‍ഥികളാണ്.
വര്‍ഷങ്ങളായി കുട്ടികളുടെ നാടകരംഗത്ത് സജീവമായ പീറ്റര്‍ പാറയ്ക്കല്‍ എന്ന സംവിധായകന്റെയും അഭിനേതാവ് കൂടിയായ എസ്. ശ്രീകാന്തിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ ജെബിഎസ് ടീമിന് ഊര്‍ജം പകര്‍ന്നു. പീറ്റര്‍ പാറയ്ക്കല്‍ നേതൃത്വം നല്കുന്ന നാടകക്കൂട് എന്ന കുട്ടികളുടെ നാടകസമിതിക്കും ഈ അംഗീകാരം ഏറെ വിലപ്പെട്ടതായി.
നാടകത്തിലെ അഭിനേതാക്കളായ ആവണി, ദേവദത്ത് എന്നിവരാണ് മികച്ച നടിയും നടനുമായി തെരഞ്ഞെടുക്കപ്പെട്ടത്.