ജീവനക്കാർക്ക് ഇടതുഭരണം പട്ടട ഒരുക്കുന്നു: സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ
1479043
Thursday, November 14, 2024 6:41 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് പട്ടട ഒരുക്കുന്ന ഭരണമാണ് ഇടതുപക്ഷത്തിന്റെ പേരിൽ നടക്കുന്നതെന്നു സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ യോഗം ആരോപിച്ചു. ഐഎഎസ്- ജുഡീഷൽ ഉദ്യോഗസ്ഥർക്ക് പട്ടുമെത്ത വിരിക്കുന്ന ഭരണം ഡിഎയും ഡിഎ കുടിശികയും ശന്പള പരിഷ്കരണവും കുടിശികയും ലീവ് സറണ്ടറും നിരാകരിട്ടു സാധാരണ ജീവനക്കാർക്ക് ശവക്കല്ലറ പണിയുന്നു.
ജുഡീഷൽ ഉദ്യോഗസ്ഥർക്ക് ഡിഎ കൃത്യമായി അനുവദിച്ചുകൊണ്ടും കുടിശിക പണമായി നൽകിക്കൊണ്ടും കഴിഞ്ഞ ദിവസം ഉത്തരവിറക്കാൻ ഒരു സാന്പത്തിക പ്രയാസവും സർക്കാരിന് തടസമായില്ല. ഐഎഎസ് ഉദ്യോഗസ്ഥർക്കും ഇത്തരത്തിൽ നൽകും. 2021ലെ നിരക്കിൽ ഡിഎ വാങ്ങിയാലും ആഡംബര ജീവിതം നയിക്കുന്നവരാണ് സാധാരണ ജീവനക്കാർ എന്ന മുൻവിധിയാണോ ഇടതു ഭരണത്തിനുള്ളതെന്ന് സംശയമുണ്ട്.
ഡിഎ കുടിശിക ഇനത്തിൽ മാത്രം 104 മാസത്തെ തുക കവർന്നു. 19 ശതമാനം വരുന്ന ആറു ഗഡു ഡിഎയും ശന്പള പരിഷ്കരണ കുടിശികയും അഞ്ചു മാസത്തെ ലീവ് സറണ്ടറും പിടിച്ചെടുത്തു. ഈ സാഹചര്യത്തിൽ ജീവനക്കാർക്കു പണിമുടക്കല്ലാതെ വഴിയില്ലെന്നും അതിനായി ഒന്നിച്ച് അണിനിരക്കണമെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ എം.എസ്. ഇർഷാദ് പറഞ്ഞു.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമൻ, കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് പി.എൻ. മനോജ്കുമാർ, ജനറൽ സെക്രട്ടറി എസ്. പ്രദീപ്കുമാർ, കേരള ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് പി. കുമാരി അജിത, ജനറൽ സെക്രട്ടറി എം.എസ്. മോഹനചന്ദ്രൻ, കേരള ലെജിസ്ലേചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി.എ. ബിനു എന്നിവർ പ്രസംഗിച്ചു.