വെടിയുണ്ട പതിച്ച സംഭവം: ആർഡിഒ റിപ്പോർട്ട് തയാറാക്കും
1479039
Thursday, November 14, 2024 6:41 AM IST
കാട്ടാക്കട : വെടിയുണ്ട പതിച്ച സംഭവത്തിൽ ആർഡിഒ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കും. ഇതു സംബന്ധിച്ച് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. ഇന്നോ അടുത്ത ദിവസമോ ആർഡിഒ എത്തും. ആർഡിഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫയറിംഗ് പരിശീലനം വേണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാന മെടുക്കും. നെടുമങ്ങാട് ആർഡിഒയ്ക്കാണ് കലക്ടറുടെ നിർദേശം. ഇതിന്റെ ഭാഗമായി ആർഡിഒ കെ.പി. ജയകുമാറിന്റെ നേതൃത്വത്തിൽ പോലീസ്, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിക്കും.
മൂക്കുന്നിമലയിലെ ഫയറിംഗ് പിറ്റ്, വെടിയുണ്ടകൾ കണ്ടെടുത്ത വീടുകൾ, മുൻകാലങ്ങളിൽ വെടിയുണ്ടകൾ വീണ സ്ഥലങ്ങൾ എന്നിവ പരിശോധിക്കും. ഇതിനുശേഷം കലക്ടറുടെ നടപടി ഉണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ വ്യാഴാഴ്ച റൂറൽ പോലീസ് ഉദ്യോഗസ്ഥരുടെ എകെ 47 തോക്കുകളടക്കം ഉപയോഗിച്ചുള്ള വെടിവയ്പ് പരിശീലനത്തിനുശേഷം 4 വെടിയുണ്ടകളാണു വിളവൂർക്കൽ പഞ്ചായത്തിലെ പൊറ്റയിൽ കാവടിവിള, കൊച്ചുപൊറ്റയിൽ പ്രദേശങ്ങളിൽ കണ്ടെത്തിയത്. എല്ലാം എകെ 47 തോക്കിൽ ഉപയോഗിക്കുന്ന 7.62 എംഎം വലുപ്പമുള്ള വെടിയുണ്ടകൾ. ഇതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
വിവാദമായതോടെ രണ്ടാം ദിവസത്തെ പരിശീലനം പൊലീസ് ഉപേക്ഷിച്ചു. ജനങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയും കലക്ടറെ സമീപിച്ചിരുന്നു.