ലോറിയിൽനിന്നു ഭാരംകൂടിയ നിർമാണ സാമഗ്രികൾ റോഡിൽവീണ് അപകടം
1479044
Thursday, November 14, 2024 6:41 AM IST
വിഴിഞ്ഞം : കയറ്റം കയറുന്നതിനിടയിൽ ലോറിയിൽനിന്നു നിർമാണ പ്രവർത്തികൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ സ്റ്റീൽ പൈപ്പുകൾ തിരക്കുള്ള റോഡിലേക്ക് പതിച്ചു. ഒഴിവായത് വൻ ദുരന്തം. കാർ യാത്രക്കാരും ബൈക്ക് യാത്രികരും രക്ഷപ്പെട്ടത് തലനാരിഴക്ക്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ കോവളം - കാരോട് ബൈപ്പാസിലെ സർവീസ് റോ ഡിൽ കല്ലുവെട്ടാൻകുഴിക്കു സമീപമായിരുന്നു സംഭവം. ഒരുമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. വിവരമറിഞ്ഞ് വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. റോഡിൽ വീണ പൈപ്പുകളെ മറ്റൊരുലോറിയെത്തിച്ച് കയറ്റിക്കൊണ്ടുപോയി.
സർവീസ് റോഡിലെ കുത്തനെയുള്ള കയറ്റത്തിൽ മുന്നോട്ട് പോകാൻ കഴിയാതെ നിരവധി ഭാരവാഹനങ്ങൾ അപകടങ്ങളിൽപ്പെടുന്നതു പതിവാണെന്നും നാട്ടുകാർ പറയുന്നു.