കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തി
1479038
Thursday, November 14, 2024 6:41 AM IST
തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സിന്റെ ഫീസ് വർധനപിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ മാർച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളെ ചൂക്ഷണം ചെയ്യാനുള്ള സർവകലാശാല തീരുമാനം എസ്എഫ്ഐ അംഗീകരിക്കില്ലെന്നും തീരുമാനത്തിൽനിന്ന് പിന്മാറിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്കു നീങ്ങുമെന്നും അനുശ്രീ പറഞ്ഞു.
എസ്എഫ്ഐ സമരത്തെ തുടർന്ന് ഫീസ് അടക്കാൻ രണ്ടുദിവസത്തെ സാവകാശം നൽകാമെന്ന് വൈസ് ചാൻസലർ അറിയിച്ചു. എന്നാൽ, തുക അടക്കാൻ സാമ്പത്തിക സ്ഥിതിയില്ലാത്തെ ധാരാളം വിദ്യാർഥികൾ ഉള്ളതിനാൽ ഫീസിളവ് ലഭ്യമാക്കണമെന്നുള്ള ആവശ്യത്തിൽ എസ് എഫ്ഐ ഉറച്ചുനിന്നു. ഫീസ് വർധന പിൻവലിക്കാൻ സിൻഡിക്കേറ്റും സർവകലാശാല പ്രതിനിധികളുമായി ചർച്ച നടത്താനും എസ്എഫ്ഐ തീരുമാനിച്ചു.
എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ജി.ടി. അഞ്ജുകൃഷ്ണ, സംസ്ഥാന കമ്മിറ്റിയംഗം ആർ. ആർ. അനന്ദു, ജില്ലാ പ്രസിഡന്റ് എം.എസ്. ജയകൃഷ്ണൻ, സെക്രട്ടറി എസ്.കെ. ആദർശ്, എം. എ. നന്ദൻ, എസ്. ആനന്ദ് എന്നിവർ പ്രസംഗിച്ചു.