മഴയിൽ നനഞ്ഞു നെയ്യാറ്റിൻകര നഗരസഭയുടെ ശിശുദിനാഘോഷം
1479293
Friday, November 15, 2024 6:34 AM IST
നെയ്യാറ്റിൻകര: വൈകുന്നേരം പെയ്ത പെരുമഴയത്തും നഗരസഭ പരിധിയിലെ സ്കൂളുകളിലെ കുരുന്നുകള്‍ പാതയോരത്ത് ഒതുങ്ങാതെ റാലിയുടെ ഭാഗമായി. പല അധ്യാപകരും കുട പിടിച്ച് നടന്നപ്പോള്‍ വിവിധ വേഷം ധരിച്ച കുഞ്ഞുങ്ങള്‍ക്കു മഴ നനഞ്ഞു സഞ്ചരിക്കാനായിരുന്നു നിയോഗം.
നെയ്യാറ്റിൻകര എസ്എൻ ഓഡിറ്റോറിയത്തിൽനിന്നും ആരംഭിച്ച ശിശുദിന റാലിയിൽ പ്രദേശത്തെ വിവിധ സ്കൂളുകളിൽ നിന്നായി നൂറുകണക്കിനു കുട്ടികൾ പങ്കെടുത്തു. താളമേളങ്ങളുടെയും ആകര്‍ഷകമായ മാതൃകകളുടെയുമൊക്കെ അകന്പടിയോടെ റാലി നെയ്യാറ്റിൻകര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ചു. തുടര്‍ന്നു ചേര്‍ന്ന സമ്മേളനം കെ. ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
യുവകവി വിനോദ് വെള്ളായണി കലാമത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത വി.എസ്. ഋതുനന്ദ അധ്യക്ഷയായി. നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ മുഖ്യപ്രഭാഷണം നടത്തി.