മാലിന്യമുക്തം നവകേരളം: കളക്ഷന്‍ ഡ്രൈവിന് തുടക്കമായി
1454992
Saturday, September 21, 2024 6:46 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നഗരസഭയില്‍ മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കളക്ഷന്‍ ഡ്രൈവിന് ഇന്നലെ തുടക്കമായി. ആറാലുംമൂട്, ഓലത്താന്നി, പെരുന്പഴുതൂര്‍ മാര്‍ക്കറ്റുകളിലും അക്ഷയ കോംപ്ലക്സിലുമായാണ് ഇന്നലെ തുണി കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചത്.
ആകെ 500 കിലോയോളം തുണി ഇന്നലെ ലഭിച്ചതായി നഗരസഭ അധികൃതര്‍ അറിയിച്ചു. ഹരിതകര്‍മസേനാംഗങ്ങളുടെ സേവനം കളക്ഷന്‍ സെന്ററുകളില്‍ ക്രമീകരിച്ചിട്ടുണ്ട്. ക്ലീന്‍ കേരള കന്പനിയുടെ വാഹനം ഇന്നെത്തിയാല്‍ കളക്ഷന്‍ സെന്ററുകളില്‍ ലഭിച്ച തുണി കയറ്റി അയക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
23 ന് ഇതേ ഇടങ്ങളില്‍ ചെരുപ്പുകളും 27 ന് ഇലക്ട്രോണിക് വേസ്റ്റ്, ട്യൂബ് ലൈറ്റ്, സിഎഫ്എല്‍- എല്‍ഇഡി ബൾബ് മുതലായവയും 30ന് ചില്ലുമാലിന്യങ്ങളും ശേഖരിക്കും.
നഗരസഭ പരിധിയിലെ പൊതുമാര്‍ക്കറ്റുകള്‍ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണം നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ നിശ്ചയിച്ച തീയതി ആറാലുംമൂട് മാര്‍ക്കറ്റില്‍ ശുചീകരണം നടന്നില്ല.
മറ്റൊരു തീയതി നിശ്ചയിച്ച് ശുചീകരണം നടത്തുമെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. കൊടങ്ങാവിള മാര്‍ക്കറ്റ് ശുചീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. 24 ന് ഓലത്താന്നിയിലും 28 ന് ടൗണ്‍ മാര്‍ക്കറ്റിലും ശുചീകരണ പ്രവൃത്തികള്‍ നടക്കും.