വട്ടിയൂര്‍ക്കാവ് മരുതംകുഴിയിൽ റോഡിലെ കുഴി അപകടക്കെണിയാകുന്നു
1454989
Saturday, September 21, 2024 6:46 AM IST
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് മരുതംകുഴി റോഡിലെ കുഴി യാത്രക്കാരെ വലയ്ക്കുന്നു. ഇന്നലെ മാത്രം കുഴിയില്‍ വീണ് പരിക്കേറ്റത് നാലു പേര്‍ക്ക്. രാവിലെ ഒമ്പതിനായിരുന്നു ആദ്യ അപകടം നടന്നത്.
ബൈക്ക് യാത്രികരായ വട്ടിയൂര്‍ക്കാവ് കുലശേഖരം സ്വദേശികളായ വിശാഖ് (28), സുഹൃത്ത് അര്ജ്ജുന് (29) എന്നിവര്‍ക്കാണ് നിസാര പരിക്കേറ്റത്. വളവു തിരിഞ്ഞുവരുന്നതിനിടെ വാഹനം കുഴിയില്‍ വീഴുകയായിരുന്നു.
11ന് മരുതംകുഴി ഒണ്വേയില് നിന്നും കാഞ്ഞിരംപാറയിലേക്കു വരികയായിരുന്ന ഒരു സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ടു. സ്കൂട്ടര്‍ ഓടിച്ചിരുന്ന മണ്ണറക്കോണം സ്വദേശിനി അശ്വതി (24) ക്കാണ് പരിക്കേറ്റത്. മൂന്നാമത്തെ അപകടം വൈകുന്നേരം മൂന്നിനായിരുന്നു. കാഞ്ഞിരംപാറയിലേക്ക് വരികയായിരുന്ന കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴിയിലേക്ക് വീണ് സ്കൂട്ടര്‍ യാത്രക്കാരനായ വയോധികന് പരിക്കേറ്റു.
ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. ദിനംപ്രതി നിരവധി വാഹനങ്ങളാണ് മരുതംകുഴി റോഡിലൂടെ സഞ്ചരിക്കുന്നത്.
കുഴി പൂര്‍ണമായി മൂടാന്‍ അധികൃതര്‍ തയാറുകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിലെ വളവുതിരിഞ്ഞു വരുന്ന വാഹനങ്ങളാണ് കുഴിയില്‍ പെടുന്നത്. ദിനംപ്രതി രണ്ടു അപകടമെങ്കിലും നടക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
അടിയന്തരമായി അധിക്തർ ഇടപെട്ട് പ്രശ്നത്തിനു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.